ഹജ്ജ്: വാഹനങ്ങള്‍ക്ക് നിയന്ത്രണം

ജിദ്ദ: ഹജ്ജ് വേളയില്‍ വാഹനങ്ങള്‍ക്ക് ഇത്തവണയും നിന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കുന്നതിന് മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് സീസണില്‍ സാധാരണ സ്വീകരിക്കാറുള്ള നടപടികള്‍ തുടങ്ങാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസുകളില്‍ ഹാജിമാരെ ഡ്രൈവര്‍മാരാക്കുന്നത് തടയണം, അനുമതി പത്രമില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളിലേക്ക് കടത്തിവിടരുത്, 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യവാഹനങ്ങള്‍ ഹജ്ജ് യാത്രക്ക് അനുമത്രി പത്രം നേടിയിരിക്കണം, പുണ്യസ്ഥലങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയണം, സീസണ്‍ തൊഴിലാളികളുടെ വാഹനങ്ങള്‍ കരമാര്‍ഗമത്തെുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തണം, വ്യവസ്ഥകള്‍ പാലിക്കാതെ തീര്‍ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയണം, കാല്‍നടക്കാര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കരുത് എന്നിവയാണ് നിര്‍ദേശങ്ങള്‍. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ തുടങ്ങിയിട്ടുണ്ട്. സീസണ്‍ പൂര്‍ണമായും പകര്‍ച്ചവ്യാധി മുക്തമാക്കാനും തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ മികച്ചതാക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തി. 
അടിയന്തരഘട്ടം നേരിടാന്‍ ഹറം പരിസരം, മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങള്‍, മക്ക എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കി തിരിക്കാനും അടിയന്തര വിഭാഗത്തിലെയും ഐ.സിയുവിലേയും ആരോഗ്യ സേവനങ്ങള്‍ക്ക് മന്ത്രാലയത്തിനു പുറത്തുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനങ്ങള്‍ തേടാനും ആരോഗ്യ വകുപ്പിന്‍െറ പ്രത്യേക സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ ബോധവത്കരണം, പുതിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, സൂര്യഘാതം, കോറോണ, ആരോഗ്യ നിബന്ധനകള്‍ എന്നിവ സംബന്ധിച്ച് ലഘുലേഖകള്‍ പുറത്തിറക്കുക തുടങ്ങിയ തീരുമാനങ്ങളും സമിതി എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ പ്രത്യേകിച്ച് കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടന്നുവരുന്ന മുന്‍കരുതല്‍ നടപടികള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ രംഗത്തെ ഒരുക്കങ്ങള്‍ എന്നിവയും യോഗം വിലയിരുത്തി. മക്ക, മദീന, പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്‍ററുകളിലും ഒരുക്കങ്ങള്‍ ഉടനെ പൂര്‍ത്തിയാകും. പകര്‍ച്ചവ്യാധി തടയുന്നതിന് പ്രവേശന കവാടങ്ങളില്‍ മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും കുറ്റമറ്റ സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ആരോഗ്യ മന്ത്രാലയം ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.