ജിദ്ദ: ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 28 വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാത്രി 10 മുതൽ ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖരായ എട്ട് ടീമുകൾ ബൂട്ടണിയും.
ബാർക്ലൈസ് എഫ്.സി, സമ യുനൈറ്റഡ് എഫ്.സി, അമിഗോസ് എഫ്.സി, ഹീറോസ് എഫ്.സി, സിൽവർ സ്റ്റാർ എഫ്.സി, സോക്കർ വാദി എഫ്.സി, അൽവഹ എഫ്.സി, അൽ ഗർണി എഫ്.സി എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക. നാല് ക്വാർട്ടർ, രണ്ട് സെമി, ഫൈനൽ എന്നിങ്ങനെ ഏഴ് കളികളായിരിക്കും ഉണ്ടാവുക. വിജയികൾക്ക് 2,001 റിയാൽ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 1,001 റിയാൽ കാഷ് പ്രൈസും ട്രോഫിയും നൽകും.
ടൂർണമെന്റ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അണിനിരക്കുന്ന മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കും. കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റിൽ ഗ്രീൻസ് ജിദ്ദ ടീം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, എംബസി സ്കൂൾ ടീം അണിയിച്ചൊരുക്കുന്ന ബാന്റ് വാദ്യം, മണ്ണാർക്കാട് ബോയ്സ് അവതരിപ്പിക്കുന്ന കോൽക്കളി, ടീം ഖുലൈസ് ഒപ്പന, ജിദ്ദയിലെ ഗായകരുടെ ഗാനാലാപനം തുടങ്ങിയ കലാപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനവും വാർത്താസമ്മേളനത്തിൽ വെച്ച് നടന്നു.
കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ കരിങ്കറ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ, സെക്രട്ടറി സുഹൈൽ നാട്ടുകൽ, ആബിദ് പട്ടാമ്പി, ടെക്നിക്കൽ ടീം അംഗങ്ങളായ നിസാർ മണ്ണാർക്കാട്, ഗഫാർ മണ്ണാർക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.