റിയാദ്: മരുന്ന് നിര്‍മാണ രംഗത്തെ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ കമ്പനിയായ ‘പ്ഫിസര്‍’ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. സൗദിയില്‍ നിക്ഷേപമിറക്കാന്‍ കമ്പനിക്ക് ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി അനുമതി നല്‍കിയതോടെയാണ് പ്രമുഖ കമ്പനിക്ക് സൗദിയിലേക്കുള്ള വഴി തുറന്നത്. ചില്ലറ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് മന്ത്രി സഭ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് വന്‍കിട മരുന്ന് നിര്‍മാതാക്കളായ കമ്പനിക്ക് അനുമതി പത്രം നല്‍കിയത്. കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയില്‍ 2017ല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങും. അവശ്യ മരുന്നുകളും മറ്റും പ്രാദേശിക വിപണിയില്‍ നേരിട്ടു ലഭിക്കുമെന്നതാണ് ‘പ്ഫിസറി’ന്‍െറ വരവോടെ സൗദിക്കുണ്ടാകുന്ന പ്രധാന നേട്ടം. നിരവധി സ്വദേശികള്‍ക്ക് തൊഴിലവസരവും ലഭിക്കും. സൗദിയില്‍ നിക്ഷേപമിറക്കുന്നതിന്‍െറ എല്ലാ മാനദണ്ഡങ്ങളും കമ്പനി അധികൃതര്‍ പാലിച്ചതിനാലാണ് അനുമതി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. 16 ഇനം മരുന്നുകളാണ് കമ്പനി ഉല്‍പാദിപ്പിക്കുന്നത്.
സൗദിയില്‍ നേരത്തേ തന്നെ നിക്ഷേപമുള്ള പ്രമുഖ കമ്പനികളിലൊന്നാണ് പ്ഫിസര്‍. എന്നാല്‍ ചില്ലറ മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തനം തുടങ്ങുന്നത് കൂടുതല്‍ മേഖലകളിലേക്ക് കമ്പനിയുടെ വ്യാപാരം വ്യാപിപ്പിക്കാനിടയാക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇവര്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് വാണിജ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സൗദി അധികൃതരുടെ തീരുമാനത്തെ പ്ഫിസര്‍ ചെയര്‍മാന്‍ ജോണ്‍ യോങ് സ്വാഗതം ചെയ്തു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര മരുന്ന് നിര്‍മാതാക്കളാണ് പ്ഫിസര്‍. ഒരു ലക്ഷത്തോളം ജീവനക്കാരുമായി 65 രാജ്യങ്ങളില്‍ നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.