സൗദി മലയാളി സമാജത്തിന് തുടക്കമായി

ജിദ്ദ: അക്ഷര സ്നേഹികളുടെ ദേശീയ സാഹിത്യ കൂട്ടായ്മയായ സൗദി മലയാളി സമാജത്തിന്‍െറ ഉദ്ഘാടനം എഴുത്തുകാരനും വാഗ്മിയുമായ പി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. 
എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കു മുമ്പേ കടന്നു പോയ ഭാഷാ കുലപതികളെ വായിക്കാനും അനുഭവിക്കാനും ശ്രമിക്കണമെന്ന്  അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ആര്‍ക്കും എന്തും എഴുതാവുന്നതാണ്. എന്നാല്‍, അതിനെ ഉത്തമ സാഹിത്യമെന്ന് വിശേഷിപ്പിച്ച് പാവപ്പെട്ട വായനക്കാരെ പറ്റിക്കരുത്. സാഹിത്യം നിസ്സാരമല്ല. അധ്വാനിച്ച് നേടേണ്ട ഒന്നാണത്. എഴുത്തിന് അതിന്‍േറതായ വഴികളും കഷ്ടപ്പാടുകളുമുണ്ട്. പ്രത്യേക കാരണങ്ങളാല്‍ ആരെങ്കിലും കൊട്ടിഘോഷിക്കപ്പെട്ടുവെങ്കില്‍ അത് നൈമിഷികമാണ്. മൗലികതയുള്ള എഴുത്തിനേ നിലനില്‍പുള്ളൂ. അതൊരുപക്ഷേ അംഗീകരിക്കപ്പെടുന്നത് എഴുത്തുകാരന്‍െറ കാലത്തിനു ശേഷമായിരിക്കാം -സുരേന്ദ്രന്‍ പറഞ്ഞു.
നല്ല എഴുത്തുകളെ ഒരുകാലത്തും ആര്‍ക്കും തള്ളിക്കളയാനായിട്ടില്ല. അവാര്‍ഡുകള്‍ ലഭിച്ചില്ളെങ്കിലും ജനങ്ങള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവയാണ് അവയിലേറെയും. അംഗീകാരങ്ങളുടെ മാനദണ്ഡം സാഹിത്യത്തേക്കാള്‍ മറ്റു ചിലതായി മാറിയ കാലമാണിത്. എന്നുവെച്ച് എഴുതുന്നതെന്തും വിശ്വസാഹിത്യമെന്ന് വിളംബരപ്പെടുത്തിയാല്‍ അത് അംഗീകരിക്കാനാവില്ല. അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ക്ഷോഭിക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്. അടിസ്ഥാന കാര്യങ്ങള്‍ പറയുമ്പോഴും ഭാഷ പ്രയോഗിക്കുമ്പോഴും തെറ്റരുത്. എഴുതാനിരിക്കുമ്പോള്‍ സാഹിത്യത്തിലെ വലിയൊരു പാരമ്പര്യത്തെ ഉള്‍ക്കൊള്ളാനാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദേശീയ തലത്തില്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപവത്കരിച്ച സംഘടനയാണ് സൗദി മലയാളി സമാജം. ജിദ്ദ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മാലിക് മഖ്്ബൂല്‍ അധ്യക്ഷത വഹിച്ചു. മലയാളി സമാജത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനം, ഗീത ബാലഗോപാല്‍, ആതില, ആഖില എന്നിവരുടെ കവിതാലാപനം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.   ഷെരീഫ് സാഗര്‍ സ്വാഗതവും ഉമര്‍ പറവത്ത് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.