അറഫയില്‍ ലക്ഷങ്ങള്‍ സംഗമിച്ചു; തീര്‍ഥാടകര്‍ക്ക് ഹജ്ജിന്‍െറ സാഫല്യം

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബിയും അനുയായികളും നിന്ന ചരിത്രമുറങ്ങുന്ന അറഫ മൈതാനിയില്‍ ലോകത്തിന്‍െറ വിവിധ ദിക്കുകളില്‍നിന്ന് കടലും കരയും കടന്നുവന്ന 19 ലക്ഷത്തോളം തീര്‍ഥാടകര്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ നിന്നു. കത്തുന്ന സൂര്യന് ചുവടെ നട്ടുച്ചവെയിലില്‍ വിയര്‍പ്പില്‍ മുങ്ങി അവര്‍ പാപക്കറകള്‍ കഴുകിക്കളഞ്ഞു. കറുത്തവനും വെളുത്തവനുമൊക്കെ ഒന്നായലിഞ്ഞ് ചുണ്ടില്‍ ഒരേ മന്ത്രവുമായി ഒരു പകല്‍ മുഴുവന്‍ പുരുഷാരത്തിന്‍െറ നില്‍പ് സമാനതകളില്ലാത്ത കാഴ്ചാനുഭവമായി.

ശനിയാഴ്ച രാത്രി മുതല്‍ മിനായിലെ കൂടാരങ്ങളില്‍നിന്ന് ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫയിലെ നില്‍പിനായി തീര്‍ഥാടകര്‍ നീങ്ങിത്തുടങ്ങിയിരുന്നു. മിനായില്‍നിന്ന് 14 കി.മീറ്റര്‍ നടന്നത്തെിയ തീര്‍ഥാടകരില്‍ പലരും ജബലുര്‍റഹ്മ കുന്നിന്‍െറ മുകളില്‍ രാത്രിതന്നെ പ്രാര്‍ഥനയില്‍ മുഴുകി ഇരിപ്പുറപ്പിച്ചു. അറഫ പ്രഭാഷണം നടക്കുന്ന മസ്ജിദുന്നമിറയുടെ പരിസരങ്ങളില്‍ എത്തിയവര്‍ ചെറു കൂടാരങ്ങളിലും മരച്ചുവട്ടിലുമായി രാത്രി കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ മസ്ജിദുന്നമിറയോട് ചേര്‍ന്നുനില്‍ക്കുന്ന വഴിയിലും തൊട്ടടുത്തുള്ള ജൗഹറ റോഡിലുമൊക്കെ തീര്‍ഥാടകര്‍ നിറഞ്ഞു. ളുഹ്ര്‍ നമസ്കാര സമയമായപ്പോഴേക്ക് കിലോമീറ്ററുകള്‍ നീളത്തില്‍ വിരിച്ച വെളുത്ത കാന്‍വാസുപോലെയായി അറഫ. അതില്‍ കറുത്ത പൊട്ടുകള്‍പോലെ സ്ത്രീ തീര്‍ഥാടകര്‍.

ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 16,89,807 വിദേശ തീര്‍ഥാടകരുള്‍പ്പെടെ 18,55,406 പേരാണ് ഹജ്ജിനത്തെിയത്. ഇതില്‍ 7,78,708 പേര്‍ വനിതകളാണ്. ളുഹ്ര്‍ നമസ്കാരത്തിന് മുമ്പായി പ്രവാചകന്‍ ഹജ്ജ് വേളയില്‍ അറഫയില്‍ നടത്തിയ വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ ഓര്‍മപുതുക്കി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുദൈസ് തീര്‍ഥാടകരെ അഭിസംബോധന ചെയ്തു. യുവാക്കള്‍ ഇസ്ലാമിന്‍െറ ശരിയായ അധ്യാപനം ഉള്‍ക്കൊള്ളാന്‍ മുന്നോട്ടുവരണമെന്നും ഭീകരവാദത്തിലേക്കു സമൂഹം വഴിതെറ്റാതെ സൂക്ഷിക്കാന്‍ പണ്ഡിതന്മാര്‍ ബദ്ധശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ഹാജിമാര്‍ മിനായിലെ കൂടാരങ്ങളില്‍ തിരിച്ചത്തെും. പിന്നീട് ജംറയില്‍ കല്ളെറിഞ്ഞ് കഅ്ബയിലത്തെി ത്വവാഫ് നിര്‍വഹിക്കുന്നതോടെ ഹജ്ജിനു ഭാഗിക വിരാമമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.