ജംറകളില്‍ കല്ലെറിഞ്ഞ് തീര്‍ഥാടകര്‍; ഹജ്ജ് സമാപ്തിയിലേക്ക്

ലക്ഷക്കണക്കിന് വിശ്വാസികളുടെ ഒരായുസ്സ് നീണ്ട കാത്തിരിപ്പ് സാക്ഷാത്കരിച്ച് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് വ്യാഴാഴ്ച ഒൗദ്യോഗിക സമാപനം. ദുല്‍ഹജ്ജ് 12 ബുധനാഴ്ച മിനായില്‍ ജംറകളിലെ മൂന്നാം നാളിലെ കല്ളേറ് പൂര്‍ത്തീകരിച്ച് കഅ്ബാ പ്രദക്ഷിണവും കഴിഞ്ഞ് വൈകീട്ടോടെ പകുതിയിലധികം ഹാജിമാര്‍ മക്കയോട് യാത്രപറയും. വിടവാങ്ങല്‍ പ്രദക്ഷിണത്തിനത്തെുന്ന തീര്‍ഥാടകരുടെ തിക്കും തിരക്കുമൊഴിവാക്കാന്‍ പകുതിയോളം ഹാജിമാരെ മിനായില്‍ തന്നെ നിര്‍ത്താന്‍ മുത്വവ്വിഫുമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ജംറകളില്‍ പിശാചിന്‍െറ പ്രതീകമായ സ്തൂപങ്ങള്‍ക്കുനേരെ കല്ളേറ് തുടങ്ങിയത്. ബുധനാഴ്ച മിനായില്‍ തങ്ങുന്നവര്‍ വ്യാഴാഴ്ചകൂടി കല്ളേറ് നിര്‍വഹിച്ചാണ് മിനാ വിടുക.  

162 രാജ്യങ്ങളില്‍ നിന്നായി 18,62,909 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതില്‍ 13,25,372 പേരാണ് വിദേശത്തുനിന്ന് എത്തിയത്. തീര്‍ഥാടകരില്‍ 7,80,681 പേര്‍ വനിതകളാണ്. തീര്‍ഥാടകര്‍ മടക്കയാത്ര ആരംഭിച്ചതോടെ ദിവസങ്ങളായി തിരക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന പുണ്യസ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങും. കണ്ണീരും പ്രാര്‍ഥനയുമായി നിന്നും ഇരുന്നും വഴിയോരത്ത് കിടന്നും കിലോമീറ്ററുകള്‍ നടന്നും കഴിഞ്ഞുകൂടിയ തീര്‍ഥാടകര്‍ കടുത്ത ചൂടിലും കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച് ഹജ്ജ് പൂര്‍ത്തിയാക്കുന്ന ആവേശത്തിലാണ്.

മുസ്ദലിഫയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ മിനായിലെ തമ്പുകളിലേക്കുള്ള പ്രയാണം തുടങ്ങിയിരുന്നു. നേരം പുലര്‍ന്നതോടെ മിനായിലെ ജംറകളിലെ പ്രധാന സ്തൂപത്തിലേക്കുള്ള വഴികള്‍ നിറഞ്ഞു. ഇന്ത്യന്‍ ഹാജിമാരില്‍ പകുതിയോളം പേര്‍ ബുധനാഴ്ചതന്നെ മിനായില്‍നിന്ന് മക്കയിലെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങും. ബുധനാഴ്ചയും മിനായില്‍ തങ്ങുന്നവര്‍ ഉച്ചക്കുശേഷം അവസാന കല്ളേറും കഴിഞ്ഞ് വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ച് മക്കയോട് വിടപറയും. പ്രവാചകനും അടുത്ത അനുയായികളും അന്തിയുറങ്ങുന്ന മദീനയിലേക്കുള്ള യാത്രയാണ് ഇനി ബാക്കിയുള്ളത്്. ഇന്ത്യന്‍ ഹാജിമാരില്‍ മദീന സന്ദര്‍ശിക്കാത്തവര്‍

മസ്ജിദുന്നബവിയും പ്രവാചകന്‍െറ ഖബറിടവുമൊക്കെ കാണാനുള്ള കാത്തിരിപ്പിലാണ്. ഹജ്ജ് മിഷന്‍െറ മിനായിലെ ഓഫിസ് വെള്ളിയാഴ്ച വരെ തുടരുമെന്നും ഈ മാസം 20ന് ഇന്ത്യന്‍ ഹാജിമാരുടെ മദീന യാത്ര തുടങ്ങുമെന്നും ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം പറഞ്ഞു. മദീന സന്ദര്‍ശനം ഹജ്ജിനുമുമ്പ ്പൂര്‍ത്തീകരിച്ച ഹാജിമാരുടെ ജിദ്ദ വഴി ഇന്ത്യയിലേക്കുള്ള മടക്കയാത്ര 17ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.