‘ഹജ്ജ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേദിയാക്കാന്‍ അനുവദിക്കില്ല’

മക്ക: ലോകമുസ്ലിം ഐക്യത്തിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന്  ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഇസ്ലാം സാഹോദര്യത്തിന്‍െറയും നീതിയുടെയും സ്നേഹ സൗഹാര്‍ദങ്ങളുടെയും മതമാണ്.  ഇസ്ലാമിക ലോകത്തിന്‍െറ ചില ഭാഗങ്ങളില്‍  കണ്ടുകൊണ്ടിരിക്കുന്ന ഭിന്നതകളും ഏറ്റുമുട്ടലും മറ്റും അവസാനിപ്പിക്കേണ്ടതുണ്ട്. ഇതിനായി മുസ്ലിം ലോകം ഐക്യത്തോടെ മുന്നോട്ട് വരണം.

സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹകരണങ്ങളുമുണ്ടാകും. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ എത്തിയ മുസ്ലിം ലോകത്തെ പ്രമുഖര്‍, രാജാവിന്‍െറ അതിഥികള്‍, സൗദി സര്‍ക്കാര്‍ അതിഥികള്‍, ഹജ്ജ് ഓഫീസ് പ്രമുഖര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഹജ്ജിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ വംശീയ വദ്വേഷങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ല. മുസ്ലിം സമൂഹത്തിന്‍െറയും ഇസ്ലാമിക രാഷ്ട്രങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ സേവനം മഹത്തരമായാണ് രാജ്യം കാണുന്നത്. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്നു.

 ഹജ്ജ് കര്‍മങ്ങള്‍ പ്രയാസരഹിതമായി ശാന്തമായ അന്തരീക്ഷത്തില്‍ നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കര്‍മങ്ങളെ രാഷ്ട്രീയമോ വംശീയമോ ആയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. ഭിന്നിപ്പുകള്‍ മാറ്റി വെച്ച് സഹകരണത്തിന്‍െറയും ഐക്യത്തിന്‍െറയും മാര്‍ഗം പിന്തുടരാനാണ് ഇസ്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് സുരക്ഷിതരായി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയട്ടെയെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.