കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ഇന്ന് മദീനയിലേക്ക്

ജിദ്ദ: കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മദീനയിലേക്ക് പോവും. ആദ്യവിമാനങ്ങളിലത്തെിയ 900 പേരാണ് ഇന്ന് മദീന സന്ദര്‍ശനത്തിന് പുറപ്പെടുന്നത്. ബസ് മാര്‍ഗമാണ് ഹാജിമാരെ മദീനയിലത്തെിക്കുക. 440 കി. മീ ദൂരമാണ് മക്കയില്‍ നിന്ന് മദീനയിലേക്ക്. എട്ട് മണിക്കൂര്‍ യാത്രയുണ്ടാവും.  മദീനയില്‍ ഹറമിനടുത്ത് തന്നെയാണ് ഇവര്‍ക്ക് താമസസൗകര്യം. ഭക്ഷണം സ്വന്തം തയാറാക്കുകയോ ഹോട്ടലുകളെ ആശ്രയിക്കുകയോ വേണ്ടി വരും. ഈ വര്‍ഷം മുതല്‍ മദീനയില്‍ ഹജ്ജ് മിഷന്‍ ഭക്ഷണവിതരണം നടത്തുന്നില്ല. നേരത്തെ ഭക്ഷണ വിതരണം മിഷന്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനാലാണ് പുതിയ തീരുമാനം. മക്കയെക്കാള്‍ ചൂട് കൂടുതലാണ് മദീനയിലെങ്കിലും ഈയാഴ്ച മുതല്‍ കാഠിന്യം കുറയുന്നുണ്ട്്. 
മദീനയിലേക്ക് പോകുന്നതിന് മുന്നോടിയായി ഹാജിമാര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. എട്ട് ദിവസം പ്രവാചകനഗരിയില്‍ താമസിച്ച ശേഷമാണ്  നാട്ടിലേക്ക് മടങ്ങുക. മക്കയോട് വിടപറയും മുമ്പ് മസ്ജിദുല്‍ ഹറാമില്‍ പരമാവധി സമയം ചെലവഴിക്കുകയാണ് ഹാജിമാര്‍.

ഒരു മാസത്തിലേറെയായി പുണ്യനഗരിയുടെ സാമീപ്യത്തില്‍ ആഹ്ളാദനിര്‍ഭരമാണ് അവരുടെ മനസ്സ്. ഇത്തവണ അനിഷ്ട സംഭവങ്ങളൊന്നുമില്ലാത്ത ഹജ്ജാണ് പൂര്‍ത്തിയായിരിക്കുന്നത്. 
10227 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീപില്‍ നിന്ന് 289, മാഹിയില്‍ നിന്ന് 28 പേരുമടക്കം നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്നത് 10,584 പേരാണ്. ഇതില്‍ എട്ടു പേര്‍ മരിച്ചു. ഗുരുതര രോഗങ്ങളുമായി പത്ത് പേര്‍ മക്കയിലെ വിവിധ ആശുപത്രികളിലുണ്ട്. 
ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നെടമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്.  മറ്റ് ലഗേജുകള്‍ മദീനയിലെ താമസകേന്ദ്രത്തില്‍ നിന്ന് കാര്‍ഗോ ഏജന്‍സികള്‍ ഏറ്റെടുക്കും. 23 കിലോ വീതമുള്ള രണ്ട് ലഗേജുകള്‍ക്ക് പുറമെ ഏഴ് കിലോ സാധനങ്ങള്‍ ഹാന്‍ഡ് ബാഗിലും കൊണ്ടുപോകാം. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായതോടെ ഹാജിമാര്‍ ഷോപ്പിങ്ങിലാണ്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഹാജിമാരെ സൗദിയിലുള്ള ബന്ധുക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. സ്വകാര്യഗ്രൂപ്പ് വഴി വന്ന ഹാജിമാര്‍ നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. പല സംഘങ്ങളും ഇതിനകം നാട്ടിലേക്ക് മടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.