ഇന്‍ഷൂറന്‍സ് തുക വര്‍ധനവിനെതിരെ ശൂറയുടെ വിമര്‍ശം

റിയാദ്: വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനക്കെതിരെ ശൂറ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജ സമിതിയുടെ വിമര്‍ശം. ആരോഗ്യകരമായ വിപണിമത്സരം നിലവിലില്ലാത്തതിനാലാണ് പൗരന്മാരും താമസക്കാരുമായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്‍ഷൂറന്‍സിന് അര്‍ഹിക്കുന്നതിലധികം സംഖ്യ നല്‍കേണ്ടിവരുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു.

സൗദി വിപണി മത്സര സഭയുടെ ദ്വിവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനവിനെതിരെ തിരിഞ്ഞത്. ശൂറയിലെ സാമ്പത്തിക, ഊര്‍ജ സമിതി മേധാവി അബ്ദുറഹ്മാന്‍ അര്‍റാശിദാണ് റിപ്പോര്‍ട്ട് ശൂറയില്‍ അവതരിപ്പിച്ചത്. വാഹന ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവയുടെ നിരക്കില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടതെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുറഹ്മാന്‍ അല്‍അതവി അഭിപ്രായപ്പെട്ടു. 

വാഹനങ്ങളുടെ പെര്‍മിറ്റ് (ഇസ്തിമാറ) പുതുക്കുന്നതിനും കൈമാറ്റത്തിനും അനിവാര്യമായ മോട്ടോര്‍ വെഹിക്കിള്‍ പിരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ (എം.വി.പി.ഐ) നടത്താന്‍ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത് കുത്തകവത്കരണത്തിനും നിരക്ക് വര്‍ധനവിനും കാരണമായിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് ആല്‍ നാജി പറഞ്ഞു. സൗദി മോണിറ്ററി ഏജന്‍സി (സാമ) ഇടപെട്ട് ഇത്തരം കുത്തക അവസാനിപ്പിക്കണമെന്നും നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യകരമായ വിപണിമത്സരത്തിന് അവസരമൊരുക്കണമെന്നും ശൂറ അഭിപ്രായപ്പെട്ടു. ഏജന്‍സികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ മാത്രമാണ് വിപണി മത്സരം നിലനിര്‍ത്താനുള്ള മാര്‍ഗമെന്ന് ഡോ. ഖാലിദ് അസൈ്സഫ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.