മദീന: കേരള ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീന സന്ദര്‍ശനത്തിന് തുടക്കമായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ 11 ബസുകളിലായി 945 പേരാണ് മക്കയില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആദ്യസംഘം പ്രവാചക നഗരിയിലത്തെിയത്. ഹജ്ജ് മിഷന്‍ അധികൃതരും മദീന ഹജ്ജ് വെല്‍ഫെയര്‍കമ്മിറ്റിയും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു. ഹറമിന് സമീപത്ത് ബാബു സലാം റോഡിലെ അലമുക്താര്‍ ഗോള്‍ഡന്‍ ഹോട്ടലിലും ഷാം ഹോട്ടലിലുമാണ് ഇവര്‍ക്ക് താമസസൗകര്യം. ഇനി എട്ടു ദിവസത്തോളം ഇവിടെ ചെലവഴിച്ച ശേഷമാണ് ഹാജിമാര്‍ നാട്ടിലേക്ക് തിരിക്കുക.
ഹജ്ജിന്‍െറ സാഫല്യവുമായി മസ്ജിദുന്നബവിയിലത്തെിയതോടെ ഹാജിമാര്‍ അതിയായ സന്തോഷത്തിലാണ്. മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കലാണ് ഇവിടുത്തെ പ്രധാന ചടങ്ങ്്. റൗദാശരീഫില്‍ ചെന്ന് പ്രിയപ്പെട്ട പ്രവാചകന് അഭിവാദ്യമര്‍പ്പിക്കല്‍ വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മദീനക്ക് പരിസരത്ത് മറ്റ് നിരവധി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുണ്ട്്. മക്കയെ അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷമാണ് മദീനയില്‍. ഇവിടുത്തെ സായാഹ്നങ്ങളും പ്രഭാതങ്ങളും ആഹ്ളാദഭരിതമാണ്. കാലാവസ്ഥ പക്ഷെ കടുത്ത ചൂടുള്ളതാണ്. 45 ഡിഗ്രിയാണ് ചൊവ്വാഴ്ചത്തെ ചൂട്. അതേ സമയം അടുത്ത ദിവസം ശരത്കാലത്തിന് തുടക്കമാവുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. 16 ഓളം മലയാളി സംഘടനകള്‍ ചേര്‍ന്ന ഹജ്ജ് വെല്‍ഫെയര്‍ ഫോറം വിവിധസേവനപ്രവര്‍ത്തനങ്ങള്‍ ഹാജിമാര്‍ക്കായി ഒരുക്കുന്നുണ്ട്. ഹാജിമാര്‍ക്ക് ഭക്ഷണ വിതരണം ഓരോ സംഘടനകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്്. യാത്രാക്ഷീണവുമായി എത്തിയ ഹാജിമാര്‍ക്ക് കഞ്ഞിയും അച്ചാറും നല്‍കിയാണ് ഇന്നലെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.