‘കിസ് വ’ നിര്‍മിച്ചത് അഗ്നിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള  നൂലുപയോഗിച്ച് -ഫാക്ടറി മേധാവി 

ജിദ്ദ: കഅ്ബയുടെ ‘കിസ്വ’അഗ്നിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള  നൂലുകളുപയോഗിച്ച്   നിര്‍മിച്ചതാണെന്ന് കിസ്വ ഫാക്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാ ജൗദ പറഞ്ഞു. കീറുവാനോ, കേടുപാടുകള്‍ വരുത്താനോ സാധിക്കാത്ത വിധത്തിലാണ് അത് നിര്‍മിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ദിവസം കഅ്ബക്ക് സമീപം മാനസികരോഗി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അക്രമി പെട്രോള്‍ കുടയുന്നതിനിടെ കിസ്വയിലും തുള്ളികള്‍ തെറിച്ചു. യുവാവ് കഅ്ബക്ക് തീ കൊടുക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍   വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ്   കിസ്വ ഫാക്ടറി മേധാവിയുടെ   വിശദീകരണം.
അഗ്നിയെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് കിസ്വയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. കിസ്വ വൃത്തിയാക്കുന്നതിനും റിപ്പയറിങിനും  പരിപാലിക്കുന്നതിനും  കിസ്വ ഫാക്ടറിയിലെ ജോലിക്കാര്‍ മുഴുസമയം ഹറമിലുണ്ട്. കിസ്വയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഹറമില്‍ പ്രത്യേക യൂനിറ്റ് വേണമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ.അബ്ദു റഹ്മാന്‍ അല്‍ സുദൈസ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
യോഗ്യരായ ആളുകളെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. കിസ്വയുടെ ഭംഗിക്ക് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പൊടിപടലങ്ങളും അടയാളങ്ങളും ഉണ്ടായാല്‍ തല്‍സമയം  നീക്കം ചെയ്യാനും ആളുകളുണ്ട്. കഅ്ബയുടെ കവാടങ്ങളും പിടികളും വൃത്തിയാക്കുന്നതു പോലെ കിസ്വയുടെ ഭംഗിയും കാത്തു സൂക്ഷിക്കുന്നുണ്ട്. അടിയന്തിരമായുണ്ടാകുന്ന ഏത് അറ്റകുറ്റപ്പണിക്കും ആളുകളെ അയക്കാന്‍ സജ്ജമാണെന്നും കിസ്വ ഫാക്ടറി മേധാവി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.