യാംബു: ‘അൽ നാമ’ എന്ന തന്റെ പ്രിയ ഒട്ടകത്തോടുള്ള പ്രണയം വെളിപ്പെടുത്തിയ ബന്ദർ അൽ അദ്വാനി എന്ന ഒട്ടകയുടമയുടെ വാക്കുകൾ മാധ്യമവാർത്തകളിൽ നിറഞ്ഞതാണ് സൗദിയിലെ പുതിയ വിശേഷം. ഒട്ടകത്തോടുള്ള അഗാധമായ പ്രണയം പ്രകടിപ്പിക്കുന്ന ആ സൗദി പൗരന്റെ വാക്കുകൾ അറബികളും ഒട്ടകങ്ങളും തമ്മിൽ നൂറ്റാണ്ടുകൾക്കിപ്പുറം നീളുന്ന ഇഴപിരിയാ ബന്ധത്തിന്റെ നേർസാക്ഷ്യമായി കൊണ്ടാടുകയാണ് മാധ്യമങ്ങൾ.
ഒട്ടകവുമായുള്ള സഹവാസത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പര ധാരണയുടെയും ഹൃദയസ്പർശിയായ വിശേഷങ്ങളാണ് ബന്ദർ പങ്കുവെക്കുന്നത്. ദിവസവും ഏറെസമയം തന്റെ ഒട്ടകങ്ങൾക്കൊപ്പം ചെലവഴിക്കുന്നു, അവയുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റുന്നു. നിരന്തരമായ ഈ അടുപ്പം ശക്തമായ വൈകാരിക ബന്ധമായി മാറിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒട്ടകങ്ങൾ മേയുന്ന ഇടങ്ങളിലേക്ക് താൻ സ്വയമറിയാതെ പോയിപ്പോകുന്നതാണ്. അവയുമായി അടുത്തിടപഴകാനും ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉണ്ടെന്ന് ഉറപ്പാക്കാനും തന്നിൽ ഒരു ജാഗ്രത സ്വയമറിയാതെ പ്രവർത്തിക്കുന്ന പോലെ. ഒട്ടകങ്ങളെ അനുസരിപ്പിക്കാൻ ഒരിക്കൽ പോലും വടിയെടുക്കേണ്ടിവന്നിട്ടില്ല.
പകരം സ്നേഹവാത്സല്യങ്ങൾ നിറഞ്ഞൊരു ബന്ധമാണ് രൂഢമൂലമായിരിക്കുന്നത്. അക്കൂട്ടത്തിൽ ‘അൽ നാമ’ എന്ന ഒട്ടകവുമായുള്ളത് സവിശേഷമായ സൗഹൃദമാണ്. പരസ്പര സ്നേഹ ബഹുമാനങ്ങളിലും ധാരണയിലും അധിഷ്ഠിതമാണ് ആ ഇടപഴകലുകൾ. തന്റെ ശബ്ദം കേട്ടാലോ തന്റെ സ്പർശനമേറ്റാലോ ഉടനടി അത് തന്നെ തിരിച്ചറിയും.
ഉടൻ അനുകൂലമായി പ്രതികരിക്കും. തങ്ങൾ ഇരുവർക്കും മനസ്സിലാകുന്ന ഒരു ഭാഷ രൂപപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഏറ്റവും നല്ല രീതിയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ബന്ദർ അൽ അദ്വാനി കൂട്ടിച്ചേർത്തു.
2024 ഒട്ടകവർഷമായി ആചരിക്കുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഒട്ടകവും അറബികളും തമ്മിലെ ബന്ധത്തിന്റെ ഊഷ്മളമായ ഉദാഹരണമായി ബന്ദറിന്റെ വാക്കുകൾ ഉയർത്തിക്കാട്ടുകയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ.
ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമായി നടക്കുകയാണ്. 2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചതിന്റെ ആവേശം പ്രതിധ്വനിക്കുന്ന വിവിധ പരിപാടികളാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.