ഡോ. മുഹമദ് അൽസമാകിൻ (ഇസ്ലാമിക സേവനം), ഡോ. വാഇൽ ഹല്ലാഖ് (ഇസ്ലാമിക പഠനം), പ്രഫ. ജെറി റോയ് മിൻഡൽ (വൈദ്യശാസ്ത്രം), പ്രഫ. ഹോവാർഡ് യുവാൻ-ഹാവോ ചാങ് (ശാസ്ത്രം)
റിയാദ്: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന അന്താരാഷ്ട്രതലത്തിൽ പ്രശസ്തിയാർജിച്ച സൗദി അറേബ്യയിലെ കിങ് ഫൈസൽ അവാർഡിന്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. റിയാദിലെ കിങ് ഫൈസൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ആസ്ഥാനത്ത് കിങ് ഫൈസൽ സെന്റെർ ഫോർ റിസർച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ അമീർ തുർക്കി ബിൻ ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന 46ാമത് സെഷൻ യോഗത്തിലാണ് ജേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത്.
ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ചു ശാഖകളിലെ അവാർഡ് ജേതാക്കളുടെ പേരുകൾ അവാർഡ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബീൽ പ്രഖ്യാപിച്ചു.
ഇസ്ലാമിക സേവനത്തിനുള്ള കിങ് ഫൈസൽ അവാർഡ് ജാപ്പനീസ് മുസ്ലിം അസോസിയേഷനും ലബനാൻ പൗരനായ ഡോ. മുഹമദ് അൽസമാകിനും പങ്കിട്ടു. ജപ്പാനിലെ മുസ്ലിംകൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ, അധ്യാപനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മുസ്ലിം യുവാക്കളെ വാർത്തെടുക്കൽ, ഇസ്ലാമിന്റെ ശരിയായ ചിത്രം അവതരിപ്പിക്കാനായി പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പ്രസാധനം, ഹജ്ജ്, ഉംറ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവ പരിഗണിച്ചാണ് ജാപ്പനീസ് മുസ്ലിം അസോസിയേഷനെ അവാർഡിന് തിരഞ്ഞെടുത്തത്. ഇസ്ലാം-കൃസ്ത്യൻ ആശയസംവാദം പ്രോത്സാഹിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ, ഈ സമൂഹങ്ങൾ തമ്മിൽ സംഭാഷണവും ആശയവിനിമയ ബന്ധങ്ങളും ശക്തിപ്പെടുത്താൻ നടത്തുന്ന അശ്രാന്ത പരിശ്രമം, ഇസ്ലാമും മറ്റു വിശ്വാസങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടക്കാറുള്ള സമ്മേളനങ്ങളിലെ സജീവമായ പങ്കാളിത്തം, സഹിഷ്ണുത, സമാധാനം എന്നീ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലും കൂട്ടായ്മകളിലുമുള്ള സജീവ പ്രവർത്തനം, പുസ്തക പ്രസാധനവും ഗവേഷണവും എന്നിവയാണ് ഡോ. മുഹമ്മദ് അൽസമാകിനെ അവാർഡിന് അർഹനാക്കിയത്. ഇസ്ലാമിക പഠന വിഭാഗത്തിലെ കിങ് ഫൈസൽ അവാർഡിന് അമേരിക്കൻ പൗരനും കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. വാഇൽ ഹല്ലാഖ് അർഹനായി.
‘ഇസ്ലാമിക സംവിധാനങ്ങളും അവയുടെ സമകാലിക പ്രയോഗങ്ങളും’ എന്ന വിഷയത്തിലാണ് അവാർഡ്. എന്നാൽ അറബി ഭാഷയും സാഹിത്യവും എന്ന വിഭാഗത്തിൽ ഈ വർഷം അവാർഡിന് അർഹതയുള്ളതായി ആരെയും കണ്ടെത്തനായില്ല. ‘അറബി ഭാഷ പ്രചരിപ്പിക്കുന്നതിൽ അറബ് ലോകത്തിനു പുറത്തുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഈ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട കൃതികളൊന്നും അവാർഡിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്ന് വിധിനിർണയ സമിതി കണ്ടെത്തി.
വൈദ്യശാസ്ത്രത്തിനുള്ള കിങ് ഫൈസൽ അവാർഡ് അമേരിക്കയിലെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രഫ. ജെറി റോയ് മിൻഡലിനാണ്. ഇദ്ദേഹം അമേരിക്കൻ പൗരനാണ്. ‘പെരിഫറൽ ഡിസെബിലിറ്റികൾക്കുള്ള ചികിത്സകൾ’ എന്നതാണ് വിഷയം. ശാസ്ത്രത്തിനുള്ള കിങ് ഫൈസൽ അവാർഡ് ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അമേരിക്കൻ പൗരനും അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി പ്രഫസറുമായ ഹോവാർഡ് യുവാൻ-ഹാവോ ചാങ്ങിനാണ്. അവാർഡ് ജേതാക്കളെ കിങ് ഫൈസൽ അവാർഡ് ജനറൽ സെക്രട്ടേറിയറ്റ് അഭിനന്ദിക്കുന്നതായി അവാർഡ് സമിതി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബീൽ അറിയിച്ചു. സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ ശ്രമങ്ങൾക്കും നന്ദി രേഖപ്പെടുത്തി. കൂടാതെ സർവകലാശാലകൾ, സംഘടനകൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അവാർഡ് സെക്രട്ടേറിയറ്റുമായി സഹകരിച്ച എല്ലാവരെയും അഭിനന്ദിച്ചു. അവാർഡ് പ്രവർത്തനങ്ങൾക്ക് മികച്ച വാർത്താ കവറേജ് നൽകുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെയും സാന്നിധ്യത്തെയും പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.