റിയാദ്: ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 248 ബിനാമി ഇടപാടുകൾ പിടികൂടിയതായി റിപ്പോർട്ട്. ബിനാമി ഇടപാടുകൾ കർശനമായി തടയുന്നതിനുള്ള പരിശോധനക്കിടയിലാണ് ദേശീയ പദ്ധതി ടീം ഇത്രയും പേരെ പിടികൂടിയത്. ഇവർക്കെതിരെ ശിക്ഷനടപടികളെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഈ കാലയളവിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിനാമിക്കെതിരെ 12,200 പരിശോധന സന്ദർശനങ്ങൾ ടീം നടത്തുകയുണ്ടായി. വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കുറ്റകൃത്യങ്ങളും ബിനാമി ഇടപാടുകളും നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിത്. റസ്റ്റാറൻറുകൾ, ബിൽഡിങ് നിർമാണ സ്ഥാപനങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ, റീട്ടെയിൽഷോപ്പുകൾ, ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾ, തയ്യൽ ഷോപ്പുകൾ, ഫാർമസികൾ എന്നിവ പരിശോധിച്ചതിലുൾപ്പെടും. ബിനാമി ഇടപാടിലേർപ്പെടുന്നവർക്കുള്ള ശിക്ഷ അഞ്ചുവർഷം വരെ തടവും അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയുമാണ്. കൂടാതെ അന്തിമ വിധി വന്നശേഷം കള്ളപ്പണം പിടിച്ചെടുക്കുകയും സ്ഥാപനം കണ്ടുകെട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.