റിയാദ്: എൻജിനീയറിങ് തൊഴിലുകളിൽ 25 ശതമാനം സ്വദേശിവത്കരിക്കാനുള്ള പുതിയ നിയമം ഞായറാഴ്ച (ജൂലൈ 21) മുതൽ പ്രാബല്യത്തിൽ വരും. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ത്രീപുരുഷ പൗരർക്ക് കൂടുതൽ ഉത്തേജകവും ഉൽപാദന ക്ഷമവുമായ തൊഴിലവസരങ്ങൾ നൽകുന്നതിന് മുനിസിപ്പൽ- ഗ്രാമ- ഭവന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.
രാജ്യത്തെ തൊഴിൽ രംഗത്ത് സ്വദേശികളുടെ തോത് ഉയർത്തുന്നതിനുള്ള ഈ നിയമത്തിന്റെ തുടർനടപടികൾ മുനിസിപ്പൽ മന്ത്രാലയമാണ് നടപ്പാക്കുക. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും എൻജിനീയറിങ് തൊഴിലുകളുടെ സ്പെഷലൈസേഷനും അനുസൃതമായി തീരുമാനം നടപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതലയും ഈ മന്ത്രാലയത്തിനാണ്. യോഗ്യരായ സ്വദേശികളെ നിയമിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.
റിപ്പോർട്ടുകൾ അനുസരിച്ച് യോഗ്യരായ സ്വദേശി പൗരന്മാർക്ക് എൻജിനീയറിങ് തൊഴിലുകളിൽ 8,000ലധികം അവസരങ്ങൾ സൃഷ്ടിക്കാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്ഥാപനങ്ങളിൽ ആകെയെണ്ണത്തിന്റെ കാൽഭാഗം സ്വദേശി എൻജിനീയർമാരായിരിക്കണം. സിവിൽ എൻജിനീയർ, ഇൻറീരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്ചറൽ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, സർവേയിങ് എൻജിനീയർ എന്നീ തസ്തികകളിലാണ് സ്വദേശിവത്കരണം.
ഈ വർഷം ജനുവരി 21 നാണ് എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലയവും യോജിച്ചാണ് ഇതിനുവേണ്ടി പ്രവർത്തിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്ന തീയതിയും അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു. മാനവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ എൻജിനീയറിങ് മേഖലയിലെ സ്വദേശിവത്കരണം, തൊഴിലുകൾ, ആവശ്യമായ ശതമാനം എന്നിവയുടെ വിശദാംശങ്ങളടക്കം ഒരു ഗൈഡ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴകളും വ്യക്തമാക്കിയിരുന്നു. ആ സമയക്രമവും പദ്ധതിയും അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽനിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ നേടിയവർക്ക് മാത്രമാണ് നിയമന യോഗ്യത. അല്ലാത്തവരെ നിയമിച്ചാൽ അംഗീകൃത എൻജിനീയർമാരായി കണക്കാക്കില്ല. ഏറ്റവും കുറഞ്ഞ വേതനം ഏഴായിരം സൗദി റിയാലാണെന്നും നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.