ജീസാൻ: ജീസാനിലെ ജയിലുകളിൽ 11 മലയാളികളടക്കം 27 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് സംഘം. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ്.എൻ. ഠാകുറിെൻറ നേതൃത്വത്തിൽ കോൺസുലേറ്റ് അംഗങ്ങളടക്കം ജീസാൻ സെൻട്രൽ ജയിലും നാടുകടത്തൽ കേന്ദ്രവും സന്ദർശിച്ചപ്പോഴാണ് ഈ വിവരം അറിയുന്നത്.
വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട 11 മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യക്കാരാണ് ജീസാൻ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഉത്തർപ്രദേശ് അഞ്ച്, പശ്ചിമ ബംഗാൾ മൂന്ന്, തമിഴ്നാട് രണ്ട്, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, പഞ്ചാബ്, ബിഹാർ, ഝാർഖണ്ഡ് ഓരോരുത്തർ എന്നിങ്ങനെയാണ് മറ്റു സംസ്ഥാനക്കാർ. സൗദിയിൽ നിരോധിച്ച 'ഖാത്ത്'എന്നറിയപ്പെടുന്ന ലഹരി ഇല കടത്തിയ കേസിലാണ് കൂടുതൽ പേരും പിടിക്കപ്പെട്ടത്. മദ്യത്തിെൻറ വിൽപന, ഉപയോഗം, കൊലക്കുറ്റം, ഹഷീഷ് കടത്ത്, ഹവാല, സ്ത്രീ പീഡനം, താമസരേഖ (ഇഖാമ) നിർമാണം, നിരോധിത വിഡിയോ ഷെയർ ചെയ്യൽ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർ കൂട്ടത്തിലുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അസീം അൻസാരി, കമ്യൂണിറ്റി വെൽെഫയർ അംഗവും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ ഹാരിസ് കല്ലായി, കമ്യൂണിറ്റി വെൽെഫയർ അംഗങ്ങളായ മുഖ്താർ, സയ്യിദ് കാശിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
താമസരേഖ പുതുക്കാത്തവരും ഹുറൂബ് കേസുകാരും ഉൾപ്പെടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 29 ഇന്ത്യക്കാരിൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് എമർജൻസി പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള രേഖകൾ സംഘം ശേഖരിച്ചു.
സെൻട്രൽ ജയിൽ മേധാവി ഫൈസൽ അബ്ദു ഷഅബി, നാടുകടത്തൽ കേന്ദ്രം (തർഹീൽ) ഉപമേധാവി സഅദ് അലി ശഹരി എന്നിവരുമായി ചർച്ച നടത്തിയ കോൺസൽ സംഘം ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചന നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യമുന്നയിച്ചു. ജീസാന് പുറത്തെ വിദൂര പ്രവിശ്യകളിൽ നിന്ന് വാടകക്കെടുത്ത കാറുകളുമായി വന്ന് ഖാത്ത് ഇല കടത്തൽ പതിവാക്കുന്നവരുടെ ജയിൽ നടപടി സങ്കീർണമാണ്. ശിക്ഷ കാലാവധി കഴിഞ്ഞാലും അവരുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നില നിൽക്കുന്നതിനാൽ മോചനം അനന്തമായി നീളും. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വ്യാമോഹവും പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന ഏജൻറുമാരുടെ പൊള്ളയായ വാഗ്ദാനവുമാണ് ഇടനിലക്കാരായി പ്രവർത്തിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് പ്രവാസം നയിക്കാൻ എല്ലാ ഇന്ത്യൻ വംശജരും പ്രതിജ്ഞാബദ്ധരാകണമെന്ന് വൈസ് കോൺസൽ എസ്.എൻ. ഠാകുർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.