ജുബൈൽ: കെ.എ. ഹുസ്സൈന്റെ ഓർമകളുടെ കനകച്ചെപ്പിൽ സംഗീതത്തിന് സമർപ്പിച്ച ജീവിതത്തിന്റെ മുപ്പതിലേറെ വർഷത്തെ ഈണം മുഴങ്ങുന്നുണ്ട്. ദാരിദ്ര്യത്തിന്റെ പരകോടിയിലും പിന്നീട് മെച്ചപ്പെട്ടുവന്ന ജീവിതസാഹചര്യത്തിലും സംഗീതത്തെ പ്രണയിച്ചതിന്റെ സാഫല്യമാണ് ഈ ഫോർട്ട് കൊച്ചിക്കാരന്റെ മനംനിറയെ. ഗാനമേളകളിൽ സിനിമാപാട്ടുകൾ മാത്രം കേട്ട് തഴമ്പിച്ച സംഗീതാസ്വാദകർക്ക് നിറഞ്ഞ സദസ്സിൽ ഗസലും ഖവ്വാലിയും ഗീതുമെല്ലാം സന്നിവേശിപ്പിച്ച് നടത്തിയ മെഹ്ഫിലുകൾ ഇന്നും കുളിർമഴയുടെ അനുഭൂതിയാണ് കൊച്ചി ഇരവരി കൂപ്പത്ത് വീട്ടിൽ കെ.എ. ഹുസൈൻ ആസ്വാദകർക്ക് പകർന്നുനൽകുന്നത്. ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് മനസ്സ് തുറക്കുകയായിരുന്നു.
ഫോർട്ട് കൊച്ചിയിലെ ഗുജറാത്തി സ്കൂളിലും ഹാജി ഈസാ സ്കൂളിലുമായാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിതാവിന് അപകടത്തിൽ പരിക്കേറ്റ് ജോലിചെയ്യാൻ കഴിയാതെ വന്നതോടെ പഠനം വഴിയിലുപേക്ഷിച്ച് തേയിലപ്പെട്ടിയുടെ വ്യാപാരത്തിൽ ഏർപ്പെട്ടു. പഠനസമയത്ത് കൈമുതലായി കിട്ടിയ സ്വരമാധുരി നിലനിർത്താൻ ജോലിത്തിരക്കുകൾക്കിടയിലും പാട്ടുകൾ പാടി. 1980ൽ മലയാളത്തിലെ ആദ്യ ഗസൽഗായകൻ ഉമ്പായി വി.എ. ഇബ്രാഹീം കുട്ടിയോടൊപ്പം ഒരുകൂട്ടം സംഗീതപ്രേമികളുമായി ചേർന്ന് 'രാഗ്' എന്ന ഗസൽ ഗായകസംഘം രൂപവത്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ജഗജീത് സിങ്ങിന്റെ പാട്ടുകളായിരുന്നു അന്ന് ഹുസൈൻ പാടിയിരുന്നത്. പിന്നീട് കൊച്ചിയുടെ പ്രിയഗായകൻ മെഹബൂബിന്റെ ഓർമക്കായി 'മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര' (എം.എം.ഒ) എന്നൊരു ഗായകസംഘത്തിന് രൂപംനൽകി. 36 സിനിമകളിലായി 58 ഗാനങ്ങൾ ആലപിച്ചിട്ടുള്ള മെഹബൂബിന് വേണ്ടത്ര പരിഗണന സംഗീതലോകത്തുനിന്ന് ലഭിച്ചില്ല എന്ന തോന്നലിൽനിന്നാണ് 'മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രക്ക്' രൂപംനൽകിയത്. 1985ൽ വൈക്കം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്ത ഈ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഹുസൈൻ ഇന്നും അതിന്റെ സെക്രട്ടറിയായി തുടരുന്നു.
പതിവ് സിനിമ ഗാനമേളകളിൽനിന്ന് വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം നൽകി എം.എം.ഒ മുന്നോട്ടുപോയി. സ്ഥിരം ഗാനമേളക്ക് 'ആസ്പിൻ ഹാൾ' വേദിയായപ്പോൾ യേശുദാസുൾപ്പെടെ സംഗീതലോകത്തെ പ്രതിഭകൾ ഇവിടം സന്ദർശിക്കാനെത്തി. 1981 മുതൽ 2019 വരെ 'റാഫിനൈറ്റ്' മുടങ്ങാതെ നടത്തി. ഉമ്പായിക്കൊപ്പം അന്നത്തെ പ്രശസ്തഗായകരായ ആസാദ് യൂസുഫ്, കിഷോർ അബു എന്നിവർ കൂടി എത്തിയതോടെ ഗാനമേളകൾക്ക് സ്ഥിരം വേദികളും ആസ്വാദകരുമുണ്ടായി. ജഗജീത് സിങ്ങിന്റെയും പങ്കജ് ഉദാസിന്റെയും ഗസലുകളായിരുന്നു ഹുസൈൻ ആലപിച്ചിരുന്നത്. 2014ൽ കൊച്ചി ബിനാലെ ഫൗണ്ടേഷനും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ അർബുദരോഗികൾക്ക് ആശ്വാസംപകരുന്നതിനായി 'ആർട്സ് ആൻഡ് മെഡിസിൻ' എന്നപേരിൽ സംഗീതസദസ്സ് തുടങ്ങി. ഏറെ ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ച ഈ സാന്ത്വന സംഗീതപരിപാടിയുടെ വേദിയിൽ കേരളത്തിലെ പ്രശസ്തരായ ഗായകരും സംഗീത സംവിധായകരും അഭിനേതാക്കളും ഡോക്ടർമാരുമൊക്കെ പാടാനെത്തി. 175 ആഴ്ചകൾ തുടർച്ചയായി നടന്ന ഈ പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു ഹുസൈൻ. 30 വർഷത്തിനിടയിൽ അനേകം പുരസ്കാരങ്ങളും അദ്ദേഹത്തെയും എം.എം.ഒയേയും തേടിയെത്തി.
സഹോദരതുല്യം സ്നേഹിച്ചിരുന്ന ഉമ്പായിയുടെ വിയോഗം ഹുസൈന് താങ്ങാനാവാത്തതായിരുന്നു. 'രാഗ്' മുതൽ ഉമ്പായിയുമായുള്ള ആത്മബന്ധം ഊഷ്മളമായി കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന്റെ അവസാന നാൾ വരെയും ഹുസൈന് കഴിഞ്ഞു. ജുബൈലിലുള്ള മകനെ കാണാനാണ് ഹുസൈൻ വന്നത്. ഭാര്യ: നദീറ. മക്കൾ: ജാബിർ (ജുബൈൽ), യാസിർ, സമീർ, നാസിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.