റിയാദ്: കൈയബദ്ധത്തിൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവാവിന് ദിയാധനമെന്ന ഉപാധിയിന്മേൽ വധശിക്ഷ ഒഴിവാക്കി മോചനം നൽകാമെന്ന് സൗദി കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ കേസിലാണ് 1.5 കോടി റിയാൽ (33 കോടിയിലധികം രൂപ) നൽകിയാൽ മാപ്പ് നൽകാമെന്ന് മരിച്ച ബാലെൻറ ബന്ധുക്കളുടെ തീരുമാനം എംബസി റഹീമിെൻറ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി വിദേശമന്ത്രാലയം, സൗദി കുടുംബത്തിെൻറ അഭിഭാഷകൻ എന്നിവരിൽനിന്നും എംബസിക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ റഹീമിെൻറ മോചനനീക്കങ്ങൾ ഊർജിതമാക്കാൻ നാട്ടിലും റിയാദിലും പ്രവർത്തിക്കുന്ന റഹീം നിയമ സഹായസമിതിയും പ്രവാസിസമൂഹവും തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് 7.30ന് റിയാദിലെ മലയാളി സമൂഹത്തിെൻറ വിപുലയോഗം ബത്ഹയിലെ അപ്പോളോ ഡി പാലസ് ഹോട്ടലിൽ ചേരും. 16 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിെൻറ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ടത് വലിയ തുകയാണ്. 1.5 കോടി റിയാൽ, ഏതാണ്ട് 33 കോടിയിലധികം ഇന്ത്യൻ രൂപ. വധശിക്ഷ എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും റിയാദിലെ റഹീം നിയമ സഹായസമിതിയുടെയും സമ്മർദത്തിെൻറ ഫലമായാണ് വൻ തുകക്ക് മാപ്പ് നൽകാൻ മുന്നോട്ടു വന്നത്.
2006 നവംബറിലാണ് 26കാരനായ അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു ബാലൻ. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടക്ക് വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുമായിരുന്നു. 2006 ഡിസംബർ 24 നാണ് കേസിനാസ്പദ സംഭവമുണ്ടായത്. കാറിൽ സഞ്ചരിക്കുേമ്പാൾ അബ്ദുറഹീമിെൻറ കൈ അബദ്ധത്തിൽ ബാലെൻറ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി ബോധരഹിതനാവുകയും മരിക്കുകയുമായിരുന്നു. കൊലപാതകക്കേസിൽ പൊലീസ് അബ്ദുറഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. ഇത്രയും വർഷത്തിനിടെ കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല. കീഴ്കോടതികൾ രണ്ടു തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല.
സൗദി പ്രമുഖരെ കൂടാതെ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് എം.ഡിയുമായ എം.എ. യൂസുഫലിയും സംഭവത്തിൽ ഇടപെട്ടിരുന്നു. വധശിക്ഷ എന്ന ഒറ്റ നിലപാടിൽ ഉറച്ചുനിന്ന കുടുംബം ദിയാധനമെന്ന ഉപാധിയിൽ മാപ്പ് നൽകാൻ തയാറായത് പ്രതീക്ഷക്ക് വകനൽകിയിട്ടുണ്ട്. അബ്ദുറഹീം റിയാദിലെ അൽ ഹൈർ ജയിലിലാണ് കഴിയുന്നത്. തുക ഭീമമെങ്കിലും കണ്ടെത്താനുറച്ച്... മോചനശ്രമത്തിൽ ആഗോള തലത്തിലുള്ള ഇന്ത്യൻ സമൂഹത്തെയും വ്യവസായികളെയും മലയാളി സന്നദ്ധ സംഘടനകളെയും ചേർത്തുപിടിച്ച് 33 കോടിയിലധികം രൂപയെന്ന ഭീമമായ തുക കണ്ടെത്താനുള്ള ഭാഗമായാണ് ഞായറാഴ്ചയിലെ ഒത്തുചേരൽ. മുമ്പ് സൗദി കുടുംബത്തിെൻറ അനൗദ്യോഗിക അറിയിപ്പിെൻറ അടിസ്ഥാനത്തിൽ റിയാദിൽ യോഗം ചേർന്നിരുന്നു.
പൊതുമരാമത്ത് മന്ത്രിയും മണ്ഡലം എം.എൽ.എയുമായ മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായി നാട്ടിലെ ജനകീയസമിതിയിൽ എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായിൽ, ഹുസൈൻ മടവൂർ, പി.സി. അഹമ്മദ്കുട്ടി ഹാജി എന്നിവർ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയർമാനും കെ.കെ. ആലിക്കുട്ടി ജനറൽ കൺവീനറും എം. ഗിരീഷ് ട്രഷററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.