മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി തീർഥാടകർ ഹജ്ജിനായി ഒരുങ്ങിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി ഹാജിമാർ മിനായിലേക്ക് നീങ്ങി തുടങ്ങും. 2,062 പുരുഷ ഹാജിമാരും 1,650 മഹ്റമില്ലാത്തവർ (പുരുഷ സഹായമില്ലാതെ എത്തിയവർ) ഉൾപ്പെടെ 3,704 വനിതാ ഹാജിമാരുമടക്കം 5,765 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലപ്പുറം സ്വദേശിയായ ഒരു തീർഥാടകൻ മദീനയിൽ മരണമടഞ്ഞിരുന്നു.
ഹാജിമാരെ നയിക്കാനായി ഒരു ഹജ്ജ് ഒഫീഷ്യൽ അടക്കം കേരളത്തിൽ നിന്നെത്തിയ 38 വളൻറിയർമാർ (ഖാദിമുല്‍ ഹുജാജ്) തീർഥാടകരെ അനുഗമിക്കുന്നുണ്ട്. പൊലീസ്, ജലവകുപ്പ്, മോട്ടോർവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ തസ്തികയിൽ ജോലി ചെയുന്നവരാണ് ഡെപ്യുട്ടേഷനിൽ സംസഥാന ഹജ്ജ് കമ്മിറ്റിക്കു കിഴിൽ വളൻറിയർമാരായി എത്തിയിട്ടുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥനായ അഷറഫ് അരയൻകോടാണ് വളൻറിയർമാരെ നയിക്കുന്നത്. മഹറമില്ലാ വിഭാഗത്തിൽപ്പെട്ട തീർഥാടകരുടെ സഹായങ്ങൾക്കായി ഏഴ് വനിതാ വളൻറിയർമാരാണ് ഉള്ളത്. ദിവസവും ഹാജിമാരുടെ താമസകെട്ടിടത്തിൽ അവലോകനയോഗം ചേർന്ന് പ്രശ്നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടാണ് വളൻറിയർമാർ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മലയാളി തീർഥാടകർ താമസിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും ഡോക്ടർമാരുടെ കിഴിൽ ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള ക്ലാസും ഹജ്ജ് കർമങ്ങൾക്കായി തീർഥാടകരെ തയാറാക്കുന്ന ക്ലാസ്സുകളും നടത്തുന്നുണ്ട്. ഇത് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രത്യേകം താല്പര്യമെടുത്തു നടത്തി വരുന്നതാണ്. ഇത് മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാവും എന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അഷറഫ് അരയൻകോടാണ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരെ നയിക്കുന്ന നാലു കോഡിനേറ്റർമാരിൽ ഒരാൾ തിരൂർ ഗവണ്മെന്റ് കോളജ് അധ്യാപകൻ കൂടിയായ ഡോ. ജാബിർ ഹുദവിയാണ്. മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയാണ് ഇദ്ദേഹം. മറ്റ് മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഉൾപ്പെടെ ആറ് പ്രധാന വകുപ്പുകളുടെ ചുമതലകൾ ഡോ. ജാബിർ ഹുദവിയാണ് വഹിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി മുൻ കോഡിനേറ്റർ ഷാജഹാൻ ഹജ്ജ് അസിസ്റ്റൻറായി മക്കയിലുണ്ട്. ഇന്ത്യയിൽ നിന്ന് എത്തിയ 350 മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥരിൽ 12 ഡോക്ടർമാർ ഉൾപ്പടെ അമ്പതോളം മലയാളികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.