ദമ്മാം: ലോകത്തിലെ പലയിടത്തും ഭക്ഷണക്ഷാമം േനരിടുമ്പോഴും സൗദി അറേബ്യയിൽ പ്രതിവർഷം 4,000 കോടി റിയാലിന്‍റെ ഭക്ഷണങ്ങൾ പാഴാക്കിക്കളയുന്നതായി സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ കണ്ടെത്തി. ഇതിനെതിരെ 'പാഴായ നിമിഷം' എന്ന മുദ്രാവാക്യമുയർത്തി വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ഭക്ഷണം പാഴാകുന്നു എന്നത് മാത്രമല്ല മാലിന്യം വർധിക്കുന്നു എന്ന മറ്റൊരു ദൂഷ്യവുമുണ്ടാകുന്നു. ഭക്ഷ്യ വൈവിധ്യവത്ക രണത്തിന്റെയും ഉപഭോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കാമ്പയിൻ.
ഉപഭോഗത്തിന്‍റെ ശരിയായ പാഠങ്ങളും ബോധവത്കരണവും നൽകുന്നതിലൂടെ ഭക്ഷണം പാഴാക്കുന്നത് കുറക്കാനാകുമെന്നാണ് കരുതുന്നത്. പ്രതിവർഷം ഭക്ഷണം പാഴാക്കുന്നതിന്റെയും മാലിന്യത്തിന്‍റേയും തോത് സൗദിയിൽ 33 ശതമാനം കടന്നിരിക്കുന്നു. 4,000 റിയാലാണ് ഇതിലൂടെ നഷ്ടമായി പോകുന്നത്. മതപരവും സാമൂഹികവും ദേശീയവുമായ വീക്ഷണകോണുകൾ സമന്വയിപ്പിച്ച് ആളുകളെ ഇതിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് കാമ്പയിൻ ഉദ്ദേശിക്കുന്നത്. സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും അസോസിയേഷനുകളും കാമ്പയിന്‍റെ ഭാഗമാകും. ഈ മാസം അവസാനം വരെ കാമ്പയിൻ നീണ്ടുനിൽക്കും. അതോടൊപ്പം ബോധവൽക്കരണ പരിപാടികൾ വർഷം മുഴുവനും തുടരും. ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനും പാഴായ ഭക്ഷണമാലിന്യം പ്രയോജനപ്പെടുത്തുന്നതിനുമുള്ള നുറുങ്ങ് ആശയങ്ങൾ കാമ്പയിനിൽ ഉൾപ്പെടുത്തും. ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും കാരണങ്ങളും ഫലങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ രാജ്യത്തിന്‍റെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുന്ന രീതിയിൽ ജനങ്ങൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക തലങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഭക്ഷ്യ ഉൽപാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമായ വിഭവങ്ങൾ നഷ്ടപ്പെടുകയും പാഴാക്കുകയും ചെയ്യുന്നതിനാൽ ഭക്ഷ്യനഷ്ടവും പാഴാക്കലും ആഗോള ആശങ്ക കൂടിയാണ്. ഇത് കാർഷിക, വ്യാവസായിക ജോലികളിൽനിന്നുള്ള സാമ്പത്തിക വരുമാനത്തിൽ കുറവുണ്ടാക്കുന്നു. അതേസമയം, അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വഹിക്കാൻ പാടുപെടുന്ന പരിമിതമായ വിഭവങ്ങളുള്ള രാജ്യങ്ങളിൽ ഭക്ഷ്യ പാഴാക്കൽ ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു. ഈ അർഥത്തിൽ ഏറെ ഗൗരവത്തോടെ കാമ്പയിനെ സ്വീകരിക്കാൻ ജനങ്ങൾ തയാറാകണമെന്ന് സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.