റിയാദ്: കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയിലേക്ക് വിദേശത്തുനിന്ന് 4,12,399 ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനും കൈമാറ്റത്തിനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മുസാനിദ്’ ഇക്കാലയവളിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും സേവനങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധിയിലെത്തിക്കാനായെന്നും മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
ഗാംബിയ, ബുറുണ്ടി, സിയറാ ലിയോൺ, താൻസനിയ എന്നീ രാജ്യങ്ങൾകൂടി പുതുതായി ചേർക്കപ്പെട്ടതോടെ മുസാനിദ് പ്ലാറ്റ്ഫോം വഴി വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നടക്കുന്ന രാജ്യങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.
തൊഴിലുടമകൾക്കിടയിൽ ഗാർഹിക തൊഴിലാളികളുടെ കൈമാറ്റം സാധ്യമാക്കുന്ന സേവനവും മുസാനിദിൽ ലഭ്യമാണ്. ഇത്തരത്തിൽ 61,358 തൊഴിലുടമകൾക്ക് തൊഴിലാളികളെ കൈമാറ്റം ചെയ്യാൻ സാധിച്ചു. മാത്രമല്ല റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാലതാമസം കുറച്ച് താരതമ്യേന എളുപ്പമാക്കാനുമായി. വീട്ടുജോലിക്ക് സന്നദ്ധതയുള്ള 5,83,691 പേരുടെ ജോലി അപേക്ഷകൾ ഇക്കാലയളവിൽ മുസാനിദ് പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യപ്പെട്ടു. മുസാനിദ് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് ഗുണഭോക്താക്കളുടെ സംതൃപ്തി 92 ശതമാനമായി ഉയർന്നു.
റിക്രൂട്ട്മെൻറ് പ്രക്രിയ സുഗമമാക്കുന്നതിനും തൊഴിൽ കരാറുകൾ അപ്ലോഡ് ചെയ്യാനും തൊഴിലുടമകളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 2016ലാണ് മുസാനിദ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഇതിൽ രേഖപ്പെടുത്തുന്ന ഏകീകൃത ഇലക്ട്രോണിക് കരാറിലൂടെ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നു.
സൗദിയിലെ ഏറ്റവും പ്രമുഖ ദേശീയ സംരംഭങ്ങളിലൊന്നാണിത്. ഗാർഹിക തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും അവകാശങ്ങൾ ഇത് ഉറപ്പുനൽകുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിലായി 907 അംഗീകൃത റിക്രൂട്ട്മെൻറ് ഓഫിസുകൾ മുസാനിദിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശ ഓഫിസുകളുടെ എണ്ണം 8,286 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.