റിയാദ്: 46ാമത് കിങ് ഫൈസൽ അന്താരാഷ്ട്ര അവാർഡുകൾ വിതരണം ചെയ്തു. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിലെ അമീർ സുൽത്താൻ ഗ്രാൻഡ് ഹാളിൽ ഒരുക്കിയ ചടങ്ങിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ആണ് വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചത്. അവാർഡ് ജേതാക്കളെ ഗവർണർ ചടങ്ങിൽ അനുമോദിച്ചു. ഫൈസൽ രാജാവിെൻറ നാമധേയത്തിലുള്ള ഈ അവാർഡ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രത്തെയും പണ്ഡിതന്മാരെയും ആദരിക്കാനാണെന്ന് ചടങ്ങിൽ പ്രസംഗിച്ച കിങ് ഫൈസൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി ബിൻ ഫൈസൽ പറഞ്ഞു.
ഭൂമിശാസ്ത്രപരമോ വംശീയമോ മതപരമോ വിഭാഗീയമോ ആയ പരിഗണനകളില്ലാതെ മാനവികതയുടെ പുരോഗതിക്കും മനുഷ്യരാശിയുടെ സേവനത്തിനും സംഭാവന നൽകിയ ശാസ്ത്രീയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നൽകിയവർക്കാണ് അവാർഡ് നൽകുന്നത്. അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തതിന് റിയാദ് ഗവർണറെയും അവാർഡ് ജേതാക്കളെയും അമീർ തുർക്കി ബിൻ ഫൈസൽ അഭിനന്ദിച്ചു. കിങ് ഫൈസൽ അവാർഡ് സെക്രട്ടറി ജനറൽ ഡോ.അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽസബീൽ അവാർഡ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് 2024 വർഷത്തേക്കുള്ള 46ാമത് കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് വിജയികളെ പ്രഖ്യാപിച്ചത്. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനങ്ങൾ, അറബി ഭാഷയും സാഹിത്യവും, വൈദ്യം, ശാസ്ത്രം എന്നി അഞ്ച് ശാഖകളിലാണ് അവാർഡ് നൽകിവരുന്നത്. 1979 മുതൽ ഒരോ വർഷവും കിങ് ഫൈസൽ അവാർഡ് നൽകിവരുന്നുണ്ട്. ഇതിനകം 295 പേരെ കിങ് ഫൈസൽ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ഇത്തവണ ഇസ്ലാമിക സേവനത്തിനുള്ള അവാർഡ് ലഭിച്ചത് ജാപ്പനീസ് മുസ്ലിം അസോസിയേഷനും ലബനാൻ പൗരനായ മുഹമ്മദ് അൽസമാക്കിനുമാണ്.
ഇസ്ലാമിക് സ്റ്റഡീസ് അവാർഡ് അമേരിക്കൻ പൗരനായ ഡോ. വാഇൽ ഹല്ലാഖിനും മെഡിസിൻ അവാർഡ് അമേരിക്കൻ പൗരനായ ഡോ. ജെറി റോയ് മെൻഡലിനുമാണ് ലഭിച്ചത്. ശാസ്ത്ര അവാർഡ് നേടിയത് അമേരിക്കൻ പൗരനായ ഡോ. ഹോവാർഡ് യുവാൻ-ഹാവോ ചാങ് ആണ്. എന്നാൽ, അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള സമ്മാനം അതിെൻറ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അവാർഡിനായുള്ള സെലക്ഷൻ കമ്മിറ്റി തടഞ്ഞുവെച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.