മക്ക: ഈ വർഷം ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകാൻ 5000 ടാക്സികൾ. എളുപ്പത്തിൽ സുരക്ഷിത സഞ്ചാരത്തിനായി പൊതു ഗതാഗത അതോറിറ്റിയാണ് ടാക്സികൾ ഒരുക്കിയത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ലൈസൻസുള്ള ടാക്സികളിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. യാത്രയുടെ തത്സമയ ട്രാക്കിങ്ങും ഇലക്ട്രോണിക് മീറ്ററും ഉൾപ്പെടുന്നു. ഇലക്ട്രോണിക് പേമെൻറ് ഉൾപ്പെടെ കാറുകൾക്ക് ഒന്നിലധികം പേമെൻറ് രീതികളുണ്ട്. ഹറമിലേക്കും പരിസരങ്ങളിലേക്കുമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാനാണിത്. യാത്രക്കിടെ ഇലക്ട്രോണിക് മീറ്റർ പ്രവർത്തനക്ഷമമാക്കാൻ ഡ്രൈവർ പ്രതിജ്ഞാബദ്ധനാണ്. അത് പാലിച്ചില്ലെങ്കിൽ യാത്രയിൽനിന്ന് സൗജന്യമായി പ്രയോജനം നേടാൻ യാത്രക്കാരന് അർഹതയുണ്ട്. ട്രാഫിക് നിയമങ്ങൾ ഡ്രൈവർ പാലിക്കണം. യാത്രക്കാരോട് ദയയോടും ബഹുമാനത്തോടും പെരുമാറുകയും ജോലി ചെയ്യുമ്പോൾ ഔദ്യോഗിക യൂനിഫോം ധരിക്കുകയും വേണം.
കാറിനുള്ളിൽ പുകവലിക്കാതിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെയുള്ള ടാക്സികൾക്കുള്ളിലെ പൊതു ധാർമികത പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. യാത്രാ സമയത്ത് അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണം കവിയാൻ പാടില്ല. വാഹനത്തിനുള്ളിലെ യാത്ര ഉപകരണങ്ങളും പോസ്റ്ററുകളും യാത്രക്കാർ നശിപ്പിക്കരുത്. യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും പൊതു ഗതാഗത അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.