റിയാദ്: ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കഴിഞ്ഞ ത്രൈമാസ കാലയളവിൽ റിയാദ് കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളം വഴി യാത്ര ചെയ്തത് 73 ലക്ഷം പേർ. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2019 ലെ ഇതേ കാലയളവിൽ ഇത് 71 ലക്ഷം യാത്രക്കാരായിരുന്നു.
2019 രണ്ടാം പാദത്തിൽ 78,000 യാത്രക്കാരിൽ നിന്ന് ഈ വർഷം രണ്ടാം പാദത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000ത്തിലധികമായി വർധിച്ചു. റിയാദ് വിമാനത്താവള അതോറിറ്റിയുടെ 2023 രണ്ടാംപാദ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
റിപ്പോർട്ട് അനുസരിച്ച് വിമാനസർവിസുകളുടെ എണ്ണത്തിലും ആറ് ശതമാനം വർധന രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തിൽ 48,000 സർവിസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ ത്രൈമാസത്തിൽ ഇത് 51,000 ആയി ഉയർന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531ൽനിന്ന് 562 ആയി. 2019 ലെ ഇതേ കാലയളവിലെ 86 യാത്രാ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തവണ 90 ആയി ഉയർന്നു. 24 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും 66 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമാണവ.
ജിദ്ദ, അബ്ഹ, മദീന, ദമ്മാം, ജിസാൻ എന്നീ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇക്കൊല്ലം കൂടുതൽ സർവിസ് നടത്തിയതെങ്കിൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ മുന്നിൽ ദുബൈ, കൈറോ, അമ്മാൻ, ദോഹ എന്നിവയാണ്. ഗതാഗത, ചരക്ക് സേവനങ്ങൾ നൽകുന്ന വാണിജ്യ വിമാനക്കമ്പനികളുടെ സർവിസിൽ 30 ശതമാനം വർധനവാണ് ഇക്കൊല്ലമുണ്ടായത്. 2019-ൽ 39 കമ്പനികൾ സർവിസ് നടത്തിയ സ്ഥാനത്ത് ഇക്കൊല്ലം 51 കമ്പനികളായി ഉയർന്നു.
കാർഗോ മേഖലയിൽ 43 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2019ൽ ഇതേ കാലയളവിലെ കാർഗോ നിരക്ക് 58,000 ടണ്ണായിരുന്നത് ഇക്കൊല്ലം 83,000 ടണ്ണായി ഉയർന്നു. കിങ് ഖാലിദ് വിമാനത്താവളത്തിന്റെ തുടർച്ചയായ വളർച്ച പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ റിയാദ് നഗരത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണെന്ന് എയർപോർട്ട് കമ്പനി സി.ഇ.ഒ മുസഅദ് അബ്ദുൽ അസീസ് അൽദാവൂദ് പറഞ്ഞു.
തിരക്കുള്ള സമയത്ത് വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം ഉൾക്കൊള്ളുന്നതിനും അവരുടെ സൗകര്യങ്ങൾ നിലനിർത്തുന്നതിനും മാനുഷികവും സാങ്കേതികവുമായ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ട ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.