മക്ക: റോഷൻ ഗ്രൂപ് മക്കയിൽ ‘അൽമനാർ’ എന്ന പേരിൽ വൻ ഭവനപദ്ധതി നടപ്പാക്കുന്നു. ഗ്രൂപ്പിന്റെ അഞ്ചാമത്തെ സാമൂഹിക പദ്ധതിയും മക്കയിലെ ആദ്യത്തേതുമാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 25ലക്ഷം ച.മീറ്റർ വിസ്തൃതിയിൽ 17,000ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന 4,149 ഭവന യൂനിറ്റുകൾ നിർമിക്കും. മക്കയുടെ പടിഞ്ഞാറൻ കവാടത്തിൽ ജിദ്ദ നഗരവുമായി ബന്ധിപ്പിക്കുന്ന പഴയതും പുതിയതുമായ ഹൈവേകൾക്കിടയിലാണ് പദ്ധതി പ്രദേശം. ഹറമിൽ നിന്ന് 20 മിനിറ്റ് മാത്രം അകലെയും ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽനിന്ന് ഒരു മണിക്കൂറിൽ താഴെയും ദൂരത്താണിത്.
എല്ലാ കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പുറമെ വലിയ മാൾ, എട്ട് വാണിജ്യ കേന്ദ്രങ്ങൾ, ഒരു ബിസിനസ് കോംപ്ലക്സ് എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. പരിസ്ഥിതി സൗഹൃദമാണിത്. സുസ്ഥിരതയുടെ ആശയങ്ങൾ പ്രയോഗിക്കുന്നതിലൂടെയും പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിലൂടെയും ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്ത ഹരിതയിടങ്ങൾ പദ്ധതിയിലുണ്ട്. താമസക്കാർക്കും സന്ദർശകർക്കും വിശ്രമിക്കാൻ തുറന്ന സ്ഥലങ്ങൾക്ക് മൊത്തം വിസ്തൃതിയുടെ 12 ശതമാനം ഹരിതയിടങ്ങളാണ്. ഒരോ കെട്ടിടങ്ങളിലേക്കും വേഗത്തിലെത്താൻ സാധിക്കും വിധത്തിൽ വഴികളുമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.