ജിദ്ദ: സൗദി അറേബ്യയിൽ ഇനി അനുമതിയില്ലാതെ മരങ്ങൾ മുറിച്ചാൽ എണ്ണമനുസരിച്ച് 20,000 റിയാൽ വീതം പിഴ ചുമത്തും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശ പ്രകാരമാണ് പരിസ്ഥിതി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നത്. ത്വാഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്നു പൗരന്മാരിൽ നിന്ന് ഇത്തരത്തിൽ പിഴ ഈടാക്കി.
ആഗോള താപനം, മലിനീകരണം കുറക്കൽ എന്നിവ ലക്ഷ്യം വെച്ച് സൗദി അറേബ്യ പരിസ്ഥിതി നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് മൂന്നു പൗരന്മാർക്കെതിരെ നടപടി. ത്വാഇഫിൽ നിന്നാണ് ഇവർ മരം മുറിച്ചത്. മുറിച്ച മരം ഓരോന്നിനും 20,000 റിയാലാണ് (നാലു ലക്ഷം രൂപ) പിഴ ചുമത്തിയത്. ഒരു മരത്തിന് 20,000 വീതമാണ് നിയമലംഘകർക്ക് ചുമത്തുക.
തണുപ്പു കാലമായതോടെ വിറക് ശേഖരിക്കുന്നത് തടയാൻ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ വിറക് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ഹരിത സൗദി (ഗ്രീൻ സൗദി) പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 50 കോടി മരങ്ങൾ ഒന്നാം ഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ, മരം വെട്ടാൻ പോയാൽ പിഴയൊടുക്കും വരെ ജയിൽ ശിക്ഷയും നേരിടേണ്ടി വരും. സൗദിയിലെ പരിസ്ഥിതി നിയമം അനുസരിച്ച് വന്യജീവികളെ വേട്ടയാടുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. നിയമത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. തണുപ്പു കാലത്ത് ചൂടു കായുമ്പോൾ പുൽമേട്ടിൽ തീ പിടിച്ചാലും പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചാലും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.