സൗദിയിൽ 1200 വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി

ഹാഇൽ: 1200 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മണ്ണിൽ നിലനിന്നിരുന്ന അബ്ബാസിയ ഭരണകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി. ഹാഇൽ യുനിവേഴ്സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ഹാഇൽ നഗരത്തിന് കിഴക്കായി ഫൈദിൽ അൽ തനാനീർ എന്ന പൗരാണിക പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനനത്തിലാണ് നാല് ഗ്രാം തൂക്കം വരുന്ന സ്വർണ നാണയം കണ്ടെത്തിയത്.

ഹിജ്‌റ 180 ആം വർഷം അബ്ബാസിയ ഭരണാധികാരിയായിരുന്ന ഹാറൂൺ റഷീദിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയമാണിതെന്നാണ് അനുമാനിക്കുന്നതെന്ന് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള  കോളേജ് ഓഫ് ലെറ്റേഴ്സ് ആൻഡ് ആർട്സ് ഡീൻ മുഹമ്മദ് അൽഷഹ്‌രി പറഞ്ഞു. നാണയത്തിന്റെ ഒരു വശത്ത് കൂഫിക് കയ്യക്ഷരത്തിൽ അറബിയിൽ മൂന്ന് വരികളിലായി ഇസ്ലാമിക സത്യസാക്ഷ്യ വാക്യവും മറുവശത്ത് മൂന്ന് വരികളിൽ 'മുഹമ്മദ് റസൂലുല്ലാഹ്' എന്നും ചെറിയ അക്ഷരത്തിൽ 'ജഅഫർ' എന്നും എഴുതിയിട്ടുണ്ട്.


ഹാഇൽ യുനിവേഴ്സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ജീവനക്കാർ ഖനനം നടത്തുന്നു.

ഹാറൂൻ റഷീദിന്റെ കാലത്തെ മന്ത്രിയായിരുന്ന ജഅഫർ ബ്നു യഹ്‌യ അൽബർമക്കിയെ ഉദ്ദേശിച്ചുകൊണ്ടാവാം 'ജഅഫർ' എന്ന എഴുത്ത് നാണയത്തിൽ വന്നതെന്ന് യൂനിവേഴ്‌സിറ്റിയിലെ ടൂറിസം പുരാവസ്തു വിഭാഗം മേധാവി അബ്ദുള്ള അൽ ഉംറാൻ പറഞ്ഞു. നാണയത്തിന് ചുറ്റും വൃത്തത്തിൽ ഖുർആൻ വചനവുമുണ്ട്. നാണയം ഇറക്കിയ വർഷം ഹിജ്‌റ 180 എന്നും ബിസ്മിയും ഒരു വശത്ത് കാണിച്ചിട്ടുണ്ട്. അക്കാലത്ത് ഉപയോഗിച്ചതെന്ന് കരുതുന്ന പാത്രങ്ങളും ഉപകരണങ്ങളും മറ്റു ചില നാണയങ്ങളും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്

Tags:    
News Summary - A gold coin believed to have been used 1200 years ago has been found in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.