ദമ്മാം: കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണിനടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽനിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മൂന്ന് വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടത്.
ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയുടേതാവുമെന്ന നിഗമനത്തിലാണ്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് അറിയിച്ചത്.
കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് തുഖ്ബയിലെ റിയാദ് സ്ട്രീറ്റിൽ ഏ.സി മെയിൻറനൻസ് കട നടത്തുകയായിരുന്ന മലയാളിയെയാണ് കാണാതായത്.
ആരോടും, പറയാതെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായ ഇദ്ദേഹത്തെ അന്നുമുതൽ തിരയാത്ത സ്ഥലങ്ങളില്ല. പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമസസ്ഥലം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഒരു സുഹൃത്തിെൻറ കൈയ്യിൽ മുറിയുടെ താക്കോൽ ഏൽപിച്ചിരുന്നതിനാൽ സ്പോൺസറുടെ സാന്നിധ്യത്തിൽ മുറിതുറന്ന് പരിശോധിച്ചപ്പോൾ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ അവിടെതന്നെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്നു.
25 വർഷമായി ഇതേ സ്ഥലത്ത് ജോലിചെയ്യുന്ന ഇദ്ദേഹം ഒളിച്ചുപോകാനോ ആത്മഹത്യക്കോ സാധ്യതയില്ലെന്നായിരുന്നു കുടുംബത്തിേൻറയും സുഹൃത്തുക്കളുടേയും ഉറച്ച വിശ്വാസം. തിരോധാനത്തെ സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കാണാതായ മലയാളിയുടെ കുടുംബം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നൽകിയിരുന്നു. അസ്ഥികൂടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധന പൂറത്തിയാകാതെ ഉറപ്പിക്കാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.