റിയാദ്: അവധി കഴിഞ്ഞെത്തി പിറ്റേ ദിവസം റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാറിന്റെ (51) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രി കൊണ്ടുപോയത്. 12 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ശനിയാഴ്ചയാണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്. ശനിയാഴ്ച ഉച്ചവരെ സുഹൃത്തുകളുമായി ഫോണിൽ സംസാരിച്ചിരുന്നു.
വാട്സ്ആപ്പിൽ ലാസ്റ്റ് സീൻ ആയി കാണിച്ചത് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയാണ്. എന്നാൽ, അതിന് ശേഷം പിറ്റേന്ന് ഞായറാഴ്ച രാവിലെ വരെ ഒരു വിവരങ്ങളും ഇല്ലാതായതോടെ സൃഹൃത്തുക്കൾ റൂമിൽ അന്വേഷിച്ച് എത്തിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമാണെന്നാണ് മെഡിക്കൽ രേഖകളിലുള്ളത്. പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.