ദമ്മാം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മലയാളി ഒരുമാസമായി ആശുപത്രിയിൽ. ഒരു മാസം മുമ്പ് ജുബൈലിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയിൽ ഫൈസൽ ആണ് ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. സ്ട്രെച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹിക പ്രവർത്തകർ ആരംഭിച്ചു.
ജൂൺ 21ന് പുലർച്ച മൂന്നിനായിരുന്നു അപകടം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയിൽ ഏഴു മാസം മുമ്പാണ് ട്രെയിലർ ഡ്രൈവറായി ഫൈസൽ എത്തിയത്. റിയാദിൽനിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടിൽ, ഒരു അടയാളവും ഇല്ലാതിരുന്നതിനാൽ വാഹനം നിർത്തിയിട്ടിരുന്നതു കാണാൻ സാധിക്കാത്തതാണ് അപകട കാരണം.
വലത്തെ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസൻറാണ് ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇടുപ്പിന് സങ്കീർണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ നില അൽപം മെച്ചപ്പെടുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പിതാവ് നഷ്ടപ്പെട്ട ഫൈസൽ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.
അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങൾക്ക് 32,000 റിയാൽ നഷ്ടപരിഹാരം ഫൈസൽ നൽകണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവർത്തകർ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാൻ പോലും ഇദ്ദേഹം തയാറാകുന്നില്ല. ഗോസി ഇൻഷുറൻസ് മുഖേനയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചിട്ടുണ്ട്. അടിയന്തരമായി വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ ഈ ചെറുപ്പക്കാരന്റെ ജീവിതം ചോദ്യ ചിഹ്നമാകും.
നാട്ടിൽ കുടുംബം നോർക്കയെയും ജനപ്രതിനിധികളെയും ഇന്ത്യൻ എംബസിയെയും സഹായം തേടി സമീപിക്കാനുള്ള ഒരുക്കത്തിലാണ്. നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, പല്ലാരിമംഗലം കൂട്ടായ്മ, സീഫ് എന്നിവർ സഹായത്തിനായി രംഗത്തുണ്ട്. സാമൂഹിക പ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ എക്സിറ്റ് വിസ ലഭ്യമാക്കാൻ തൊഴിലുടമയുമായി ചർച്ച നടത്തുന്നുണ്ട്.
പെരുമ്പാവൂർ അസോസിയേഷൻ സെക്രട്ടറി സക്കീർ, നസീർ പല്ലാരിമംഗലം, ഹസൈൻ അടിവാട് എന്നിവരും ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പരേതനായ ബാവ മീരാൻ കുട്ടിയുടെ മകനാണ് ഫൈസൽ. മാതാവ്: സുഹ്. ബിസ്മി ബഷീർ ആണ് ഭാര്യ. രണ്ട് വയസ്സും ആറ് മാസവും പ്രായമായ രണ്ടു മക്കളും നാട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.