ജിദ്ദ: അപകടകരമായ ഇന്ത്യൻ കാലിക രാഷ്ട്രീയ സാഹചര്യം രാജ്യസ്നേഹികളായ മതേതര ജനാധിപത്യ വിശ്വാസി സമൂഹം മുഴുവനും അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന സങ്കൽപങ്ങളും നിലനിൽക്കുന്നതിന് രാജ്യസ്നേഹികളായ മുഴുവൻ മനുഷ്യരും വിവേകശാലികളായി ബോധപൂർവമുള്ള ഇടപെടലുകൾ നടത്താൻ സന്നദ്ധരാകണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് സൗദി നാഷനൽ വാർഷിക കൗൺസിൽ യോഗം ജിദ്ദയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷനൽ പ്രസിഡന്റ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള 430 യൂനിറ്റുകളിലും 100 സെക്ടറുകളിലും 30 സെൻട്രലുകളിലും അഞ്ചു പ്രോവിൻസുകളിലും കൗൺസിൽ യോഗങ്ങൾ പൂർത്തിയായതിനു ശേഷമാണ് നാഷനൽ കൗൺസിൽ ജിദ്ദയിൽ നടന്നത്.
‘ജങ്ഷൻ’ എന്ന തലവാചകത്തിൽ നടന്ന കൗൺസിലുകൾ സംഘടന ശാക്തീകരണം, ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളെ അപഗ്രഥിച്ച് ചർച്ചകൾക്കും അവലോകനങ്ങൾക്കുമുള്ള വേദികളായാണ് സംഘടിപ്പിക്കപ്പെട്ടത്. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ നിരീക്ഷകനായിരുന്നു.
പ്രവാസ ലോകത്തെയും ഇന്ത്യയിലെയും ജനങ്ങളുടെ സമസ്ത മേഖലകളിലെയും ഉന്നമനത്തിനായുള്ള പരിശ്രമങ്ങൾക്ക് പ്രവാസി സംഘടന പ്രവർത്തകരുടെ സജീവ ഇടപെടലുകളുടെ അനിവാര്യത ‘ബെറ്റർ ടുമോറോ’ സെഷനിലൂടെ ഇന്റർനാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ അവതരിപ്പിച്ചു.
ഫിനാൻസ്, സംഘടന, ദഅവ, എജുക്കേഷൻ, വെൽഫെയർ ആൻഡ് സർവിസ്, പബ്ലിക്കേഷൻ ആൻഡ് മീഡിയ, അഡ്മിൻ ആൻഡ് പി.ആർ, ജനറൽ റിപ്പോർട്ടുകൾ എന്നിവ ബഷീർ എറണാകുളം, ബഷീർ ഉള്ളണം, സൈനുദ്ദീൻ വാഴവറ്റ, ഉമർ പന്നിയൂർ, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര, അബ്ദുറഷീദ് സഖാഫി മുക്കം, നിസാർ കാട്ടിൽ എന്നിവർ അവതരിപ്പിച്ചു. അനസ് അമാനി പുഷ്പഗിരി ഉദ്ബോധന പ്രഭാഷണം നടത്തി. നിസാർ എസ്. കാട്ടിൽ സ്വാഗതവും ബഷീർ ഉള്ളണം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.