റിയാദ്: സൗദി തലസ്ഥാന നഗരത്തെ ചരിത്രപ്രസിദ്ധമായ ദറഇയ പൗരാണിക നഗരവുമായി ബന്ധിപ്പിക്കുന്ന പുതിയ ദറഇയ തുരങ്കപാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ ഉദ്ഘാടനം നിർവഹിച്ചു. റിയാദ് നഗരത്തിലെ വെസ്റ്റേൺ റിങ് റോഡിൽ എക്സിറ്റ് 38ലാണ് പുതിയ തുരങ്കപാത.
രണ്ടു വർഷം മുമ്പാണ് എട്ടു പാതകൾ ഉൾപ്പെടുന്ന ദറഇയ തുരങ്കത്തിെൻറ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, റിയാദ് മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ചാണ് തുരങ്കത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. തുരങ്കത്തിന് 435 മീറ്റർ നീളമുണ്ട്. 70 ലക്ഷത്തിലധികം മണിക്കൂർ ജോലി ചെയ്താണ് ഇതിെൻറ പണി പൂർത്തിയാക്കിയത്. മണിക്കൂറിൽ 10,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും.
നൂതന സാങ്കേതിക വിദ്യകൾ അനുസരിച്ച് നടപ്പാക്കിയ തുരങ്കം ദറഇയ പദ്ധതി, വെസ്റ്റേൺ റിങ് റോഡ്, റിയാദ് എന്നിവയെ ബന്ധിപ്പിക്കും. ദറഇയയിലെ ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും ഈ തുരങ്കപാത സഹായിക്കും. പ്രദേശവാസികളുടെയും സന്ദർശകരുടെയും സഞ്ചാരം എളുപ്പമാക്കും. ദറഇയയിലെ ചരിത്രപ്രസിദ്ധമായ അൽതുറൈഫ് ഡിസ്ട്രിക്റ്റ്, ബാബ് സംഹാൻ ഹോട്ടൽ, അൽബുജൈരി ടവർ തുടങ്ങിയ പൈതൃകങ്ങളിലേക്കും ടൂറിസ്റ്റ് സൈറ്റുകളിലേക്കും പ്രവേശനം സുഗമമാക്കും.
റിയാദിലെ വെസ്റ്റേൺ റിങ് റോഡിൽ 435 മീറ്റർ നീളമുള്ള ദറഇയ തുരങ്കപാത ഒരു സുപ്രധാന പദ്ധതിയായിരുന്നെന്നും ഇത് ചരിത്രപ്രസിദ്ധമായ ദറഇയയിലേക്കുള്ള പ്രവേശന കവാടത്തെ വിനോദസഞ്ചാര, പൈതൃക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി പറഞ്ഞു. നഗരത്തിെൻറ സാംസ്കാരികവും ചരിത്രപരവുമായ ഭൂപ്രകൃതി സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ചുറ്റുമുള്ള സേവന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ദറഇയയുടെ പ്രതിബദ്ധതയാണ് പുതിയ തുരങ്കപാതയെന്ന് ദറഇയ ഗ്രൂപ് സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു.
ചരിത്രപരവും സാംസ്കാരികവുമായ ഒരു കേന്ദ്രമായി ആഗോള ഭൂപടത്തിൽ ദറഇയയെ ഹൈലൈറ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള ഒരു പ്രധാന ആകർഷണമായി അതിന്റെ അംഗീകാരം വർധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണിത്. രാജ്യത്തെ ഏറ്റവും വലിയ പാർക്ക് നിർമിക്കാൻ തുരങ്കത്തിന് മുകളിലുള്ള സ്ഥലം ഉപയോഗിക്കും. പുതിയ പാർക്ക് ചരിത്രപ്രസിദ്ധമായ ദറഇയ, കിങ് സൽമാൻ അവന്യൂ (ബൊളിവാർഡ്), കിങ് സഊദ് സർവകലാശാല എന്നിവിടങ്ങൾക്കിടയിൽ അതിവിശാലമായി സ്ഥിതി ചെയ്യും.
ദറഇയയിലേക്കുള്ള സന്ദർശകർക്ക് ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്കുള്ള യാത്ര പ്രതിഫലിപ്പിക്കുന്ന അനുഭവമുണ്ടാകുന്നതിന് േവണ്ടിയാണിതെന്നും സി.ഇ.ഒ പറഞ്ഞു. പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി, റിയാദ് മുനിസിപ്പാലിറ്റി ഫോർ ഓപറേഷൻ ആൻഡ് മെയിൻറനൻസ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽബലവി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.