ജിദ്ദ: ഇതാദ്യമായി സൗദി ജിദ്ദയിൽ വാരാന്ത്യങ്ങളിൽ കലാ, സാഹിത്യ, സാംസ്കാരിക പരിപാടികളുടെ സ്ഥിരം വേദിയായി ഒരു തെരുവൊരുങ്ങുന്നു. അന്തരിച്ച സൗദി സാംസ്കാരിക നേതാവ് അബ്ദുൽ മഖ്സൂദ് ഖോജയുടെ പേരിൽ ജിദ്ദയിലെ അൽറൗദ പരിസരത്ത് തെരുവ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു.മുനിസിപ്പൽ, ഗ്രാമീണകാര്യ, ഭവന മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി 2023 മൂന്നാം പാദത്തിൽ പൂർത്തിയാവും. പദ്ധതി പ്രകാരം, വാരാന്ത്യത്തിൽ വാഹനങ്ങളെ വഴിതിരിച്ചുവിട്ട് തെരുവിന്റെ മധ്യഭാഗം വേദിയാക്കും.
നാലുപതിറ്റാണ്ടായി അബ്ദുൽ മഖ്സൂദ് ഖോജ സംഘടിപ്പിച്ചിരുന്ന പ്രസിദ്ധമായ 'ഇത്നൈനിയ ലിറ്റററി കൾചറൽ ഫോറ'ത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതിയുടെ രൂപകൽപന. സാംസ്കാരിക മന്ത്രാലയത്തിന്റെ മുൻകൈയിൽ, സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളും കലാസൃഷ്ടികളും ഇവിടെ സംഘടിപ്പിക്കും. നാടകങ്ങൾ, തത്സമയ കലാ, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾക്ക് തെരുവ് വേദിയാകും. 1982ൽ ജിദ്ദയിൽ 'ഇത്നൈനിയ ലിറ്റററി കൾചറൽ ഫോറം' സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
40 വർഷംമുമ്പ് സാഹിത്യം, കവിത, ചിന്ത എന്നീ മേഖലകളിലെ സൗദിയിലെയും മറ്റ് വിവിധ രാജ്യങ്ങളിലെയും ബുദ്ധിജീവികളായ പ്രമുഖരെ ആദരിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച ഇത്നൈനിയ ഫോറത്തിന്റെ കീഴിൽ ജിദ്ദയിലെ ദരാതിയിൽ എല്ലാ തിങ്കളാഴ്ച വൈകീട്ടും ഖോജയുടെ സാംസ്കാരിക പ്രവർത്തനങ്ങൾ നന്നായി നടക്കാറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.