മക്ക: ജന്മസഹജമായ പരിമിതികളെ അതിജയിച്ചു ജീവിതത്തിലെ വലിയ സ്വപ്നമായ ഹജ്ജ് നിർവഹിച്ച് മടങ്ങാൻ ഒരുങ്ങുകയാണ് മലപ്പുറം കൊളത്തൂർ പറമ്പിൽ പീടിയേക്കൽ അബ്ദുല്ലത്തീഫ്. അഞ്ചാം വയസ്സിൽ അസുഖം കാരണം വലതുകാൽ പൂർണമായി നഷ്ടമായെങ്കിലും മനോധൈര്യവും ഇച്ഛാശക്തിയുംകൊണ്ട് എന്തും നേടിയെടുക്കാം എന്നുകൂടി തെളിയിക്കുകയാണ് അബ്ദുല്ലത്തീഫ്. പലതവണ ഹജ്ജിന് അപേക്ഷിച്ചെങ്കിലും നടന്നില്ല. കോവിഡ് കാരണം രണ്ടുവർഷം വീണ്ടും കഴിഞ്ഞുപോയി. ഈ വർഷം ആദ്യഘട്ടത്തിൽ താനെ അവസരം തേടി എത്തി.
പുലാമന്തോളിലെ ഹോമിയോ ഡിസ്പെൻസറിയിലെ താൽക്കാലിക ജീവനക്കാരനായ അബ്ദുല്ലത്തീഫ് ലഭിക്കുന്ന വേതനത്തിൽനിന്ന് മിച്ചംവെച്ച് ഒരുമിച്ചുകൂട്ടിയ സംഖ്യയും സഹോദരന്മാരുടെ സഹായവും ചേർത്തുവെച്ചാണ് ഹജ്ജിനുള്ള തുക കണ്ടെത്തിയത്. ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തനിച്ചുള്ള യാത്രയിൽ സഹായത്തിനുള്ള വഴികൾ നാഥൻ കാണിച്ചുതരും എന്ന വിശ്വാസത്തിൽ യാത്ര പുറപ്പെട്ടു. പിന്നീട് എല്ലാം പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു കാര്യങ്ങൾ. ആദ്യമായി കഅ്ബ കണ്ടതും അതിനുചുറ്റും പ്രദക്ഷിണം ചെയ്യാൻ ആയതും ജീവിതത്തിലെ ഏറ്റവും സൗഭാഗ്യമായാണ് തനിക്ക് ലഭിച്ചതെന്ന് ലത്തീഫ് ഓർക്കുന്നു.
ഇപ്പോൾ ഹജ്ജ് കർമങ്ങൾ അതിന്റെ വിശുദ്ധിയോടെ നിർവഹിച്ചു നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ലത്തീഫ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. നാട്ടിൽനിന്ന് എത്തിയ വളന്റിയർമാരും വിവിധ സംഘടന വളന്റിയർമാരും ഇദ്ദേഹത്തെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ സഹായിച്ചു. ഹജ്ജിന് മുന്നേ ഒന്നിലധികം ഉംറയും നിർവഹിക്കാനായി. ആദ്യം മദീനയിൽ എത്തി അവിടെ പ്രവാചകന്റെ റൗദയും പുണ്യസ്ഥലങ്ങളും സന്ദർശിച്ചാണ് മക്കയിൽ എത്തിയത്.
നാട്ടിലെ സാമൂഹിക സാംസ്കാരിക സേവന രംഗത്ത് സജീവ സാന്നിധ്യമാണ് ഭിന്നശേഷിക്കാരനായ ലത്തീഫ്. ഇനിയുള്ള ജീവിതം സേവനത്തിൽ സജീവമാവുമെന്ന് അദ്ദേഹം പറഞ്ഞു. കൊളത്തൂർ പരേതനായ ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുഹറ കൊളത്തൂർ. മൂന്നു മക്കളുണ്ട്. കേരള ഹജ്ജ് കമ്മിറ്റി വളന്റിയർ എം. നൗഷാദ്, ടി.എ. അലിക്കുഞ്ഞ് ആശാൻ, ടി.എം. സിറാജുദ്ദീൻ എന്നിവരാണ് അബ്ദുല്ലത്തീഫിന് ഹജ്ജ് കർമങ്ങൾ ചെയ്യാൻ ആവശ്യമായ സഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.