റിയാദ്: ഇൗ വർഷം രണ്ടാംപാദത്തിൽ കോവിഡ്കാലത്ത് മൂന്നു ലക്ഷത്തോളം വിദേശികൾക്ക് സൗദി അറേബ്യയിൽ തൊഴിൽനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ലക്ഷത്തിലേറെ സ്വദേശികൾക്കും ജോലി നഷ്ടമുണ്ടായെന്നും സൗദിയിലെ പ്രാദേശിക ദിനപത്രം 'ഉക്കാദ്' റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ ഏപ്രിൽ മുതൽ ജൂൺവരെയുള്ള മൂന്നുമാസത്തെ സ്ഥിതിവിവര റിപ്പോർട്ടിനെ ആധാരമാക്കിയാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
284,000 വിദേശികൾക്കും 116,000 സ്വദേശി പൗരന്മാർക്കുമാണ് ജോലി പോയത്. മൂന്നുമാസത്തിനിടെ ആകെ നാലുലക്ഷം തൊഴിലാണ് നഷ്ടമായത്. സ്ത്രീപുരുഷന്മാർ ഉൾപ്പെട്ട 53,000 സൗദി പൗരന്മാർ ജോലി സ്വമേധയാ രാജിവെക്കുകയാണുണ്ടായത്. 36,000 പേരുടെ തൊഴിൽ കരാർ അവസാനിക്കുകയായിരുന്നു. ബാക്കി 11,000 പേരെ സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം ജോലിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട 284,000 വിദേശി ആൺപെൺ ജീവനക്കാരിൽ 60,000 പേർ സ്വമേധയാ രാജിവെക്കുകയായിരുന്നു. ഇതോടൊപ്പം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും ഇൗ കാലയളവിൽ ഉയർന്നു. ഇൗ വർഷം ആദ്യ മൂന്നുമാസത്തെ 11.8 ശതമാനത്തിൽനിന്ന് തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായാണ് ഉയർന്നത്.
അതുപോലെ, രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിലും ഇൗ കാലളവിൽ 0.03 ശതമാനം കുറവുണ്ടായി. ഇൗവർഷം ആദ്യപാദത്തിൽ 13.635 ദശലക്ഷം തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. അത് 13.63 ദശലക്ഷമായി കുറയുകയായിരുന്നു. സൗദി ജീവനക്കാരുടെ എണ്ണം ആദ്യപാദത്തെ 3.203 ദശലക്ഷത്തിൽനിന്ന് രണ്ടാം പാദത്തിൽ 3.17 ദശലക്ഷമായി കുറഞ്ഞു. പുരുഷ ജീവനക്കാരുടെ എണ്ണം 2.066 ദശലക്ഷത്തിൽനിന്ന് 2.055 ദശലക്ഷമായും സ്ത്രീജീവനക്കാരുടെ എണ്ണം 1.136 ദശലക്ഷത്തിൽനിന്ന് 1.115 ദശലക്ഷമായും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.