റിയാദ്: സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടി ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോടു നന്ദി പറയുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസിന്റെ പങ്കാളിത്തത്തോടെ ഗസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി അംഗങ്ങൾ സ്പാനിഷ് തലസ്ഥാനമായി മാഡ്രിഡിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞു. സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ രാജ്യങ്ങൾ ചരിത്രത്തിന്റെറയും നീതിയുടെയും വശമാണ് തിരഞ്ഞെടുത്തതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗസ്സയിൽ മാനുഷിക ദുരന്തം തുടരുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സമാധാനത്തിനും സഹവർത്തിത്വത്തിനുംവേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രത്യാശയുടെ വെളിച്ചമാകാനുള്ള ശരിയായ നിമിഷമാണിത്. ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുകയും മറ്റുള്ളവർ നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സമാധാനത്തിലേക്കുള്ള വഴിയാണ് മുന്നോട്ടുള്ള വഴി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിലൂടെയുമാണത്. ഞങ്ങൾക്ക് ഉടനടി വെടിനിർത്തൽ ആവശ്യമാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന് ഉടനടി പ്രവേശനം ആവശ്യമാണ്. ഞങ്ങൾക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങൾ സ്വീകരിച്ച ഈ നടപടി ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്പെയനിലെത്തിയ അറബ് ഉച്ചകോടി നിയോഗിച്ച സൗദി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തെ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും സേവനങ്ങളും നിറവേറ്റുന്ന തരത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം സജീവമാക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധതയെയും പലസ്തീനുള്ള സ്പെയിനിന്റെ അംഗീകാരത്തെയും മന്ത്രിതല സമിതി അംഗങ്ങൾ അഭിനന്ദിച്ചു. തീവ്രവാദം, അക്രമത്തിന്റെ വ്യാപനം, അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ എന്നിവക്കെതിരെ മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും നൽകുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
അറബ് സമാധാന സംരംഭത്തിന്റെയും അന്താരാഷ്ട്ര കരാറുകളുടെയും വെളിച്ചത്തിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ ഫലസ്തീനിയൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് അടിയന്തര ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.