ഇന്ന് മുതൽ മക്കയിലേക്ക്​ പ്രവേശനത്തിന്​ നിയ​ന്ത്രണം

ജിദ്ദ: രാജ്യത്തെ താമസക്കാരായ വിദേശികൾക്ക്​ മെയ്​ 26 വ്യാഴാഴ്​ച മുതൽ മക്കയിലേക്ക്​ പ്രവേശനത്തിന്​ അനുമതി പത്രം നിർബന്ധമായിരിക്കുമെന്ന്​ പൊതു സുരക്ഷ വക്താവ്​ ബ്രിഗേഡിയർ ജനറൽ സാമീ ബിൻ മുഹമ്മദ്​ അൽശുവൈറഖ്​ വ്യക്തമാക്കി. ഹജ്ജ്​ സംഘാടന നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്​.

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി പത്രമില്ലാത്ത രാജ്യത്തെ താമസക്കാരായവരെ മക്കയിലേക്ക്​ കടക്കുന്നതിൽ നിന്ന്​ തടയും. അനുമതി പത്രം ഇല്ലാത്തവരെയും അവരുടെ വാഹനങ്ങളും മക്കയിലേക്ക്​ എത്തുന്ന റോഡുകളിലെ ചെക്ക്​പോസ്​റ്റുകൾക്കടുത്ത്​ നിന്ന്​ തിരിച്ചയക്കും.

ബന്ധ​പ്പെട്ട വകുപ്പ്​​ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്കയിൽ നിന്ന്​ ഇഷ്യൂ ചെയ്​ത ഇഖാമ, ഉംറ അനുമതിപത്രം, ഹജ്ജ്​ അനുമതി പത്രം എന്നിവയുള്ളവരെ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കുമെന്നും ഇവർക്ക്​ മക്കയിലേക്ക്​ പ്രവേശിക്കാനാകുമെന്നും​ പൊതു സുരക്ഷ വക്താവ്​ പറഞ്ഞു.

അതേസമയം മക്കയിലേക്ക് പ്രവേശന നിയന്ത്രണം വന്നതോടെ അത്യാവശ്യക്കാർക്ക് എൻട്രി പെർമിറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. ഗാർഹിക തൊഴിലാളികൾ, മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സീസണൽ വർക്ക് വിസയുള്ളവർ, ഹജ്ജുമായി ബന്ധപ്പെട്ട ജോലികൾക്കായി അജീർ സംവിധാന സൗകര്യങ്ങളുള്ള കോൺട്രാക്ടർമാർ എന്നിവർക്കാണ് പ്രത്യേക ഇലക്ട്രോണിക് രീതിയിലുള്ള എൻട്രി പെർമിറ്റുകൾ അനുവദിക്കുക.

ഗാർഹിക തൊഴിലാളികൾക്ക് തങ്ങളുടെ സ്പോൺസർ അദ്ദേഹത്തിന്റെ അബ്ഷിർ അക്കൗണ്ട് വഴി പെർമിറ്റിനായി അപേക്ഷിക്കണം. സ്ഥാപനങ്ങൾ മുഖീം പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. 

Tags:    
News Summary - Access to Makkah will be restricted from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.