അപകടത്തിൽ മരിച്ച മലയാളി കുടുംബം

സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

ദമ്മാം: സൗദിയിൽ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള അൽ റെയ്‌ൻ എന്ന സ്ഥലത്ത്‌ വെച്ച് ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറിയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായാണ് വിവരം.

ടയോട്ട കാറുകളുടെ സൗദിയിലെ വിതരണക്കാരായ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ജുബൈൽ ശാഖയിൽ ഫീൽഡ് ഓഫീസറായിരുന്നു മരിച്ച മുഹമ്മദ് ജാബിർ. ഒരാഴ്ചക്ക് മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ജിസാനിലെ അബുഹാരിസിൽ താമസസ്ഥലം കണ്ടെത്തിയതിന് ശേഷം ജുബൈലിൽ തിരികെ എത്തി കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം.

വലിയ വാഹനത്തിൽ വീട്ടു സാധനങ്ങൾ ഉൾപ്പെടെ കയറ്റി അയച്ചതിന് ശേഷം തന്റെ കൊറൊള കാറിലാണ് കുടുംബം പുറപ്പെട്ടത്. വീട്ടു സാധനങ്ങൾ ജിസാനിലെത്തിയിട്ടും കുടുംബത്തെ കാണാത്തതിനെത്തുടർന്ന് സാമൂഹിക പ്രവർത്തകരും കുടുംബവും നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. മയ്യിത്തുകൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. 

Tags:    
News Summary - accident in saudi; five members in a malayali family died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.