ജിദ്ദ: ഒമ്പതു മാസമായി പിതാവ് വീടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ സൗദി മനുഷ്യാവകാശ കമീഷൻ രക്ഷപ്പെടുത്തി.വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട് പിതാവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമായ യുവതിക്കാണ് സൗദി മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ തുണയായത്. അഭയകേന്ദ്രത്തിലെത്തിച്ച് യുവതിയുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മനുഷ്യാവകാശ കമീഷൻ പരിഹരിച്ചു.സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതെന്നും ശേഷം പ്രത്യേക സംഘം പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ നിരീക്ഷിച്ചതായും മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കി.
യുവതിയുടെ സംരക്ഷണത്തിനും സുരക്ഷക്കും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ചു നടപടികൾ ആരംഭിച്ചു. പിതാവിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനത്തിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും പെൺകുട്ടി വിധേയമായതായി സംഘത്തിന് ബോധ്യമായി. യുവതിക്ക് സംരക്ഷണം നൽകാനും മാനസികവും ശാരീരികവുമായ അവസ്ഥകളുടെ സ്ഥിരത ഉറപ്പുവരുത്താനും അഭയകേന്ദ്രത്തിലേക്ക് മാറ്റി. പിതാവിനെ വിചാരണക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറിയതായും മനുഷ്യാവകാശ കമീഷൻ പറഞ്ഞു. ഗാർഹിക പീഡന ഫയലുകളാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകളിൽ കൂടുതലെന്ന് കമീഷനിലെ പരാതി സെൽ ഡയറക്ടർ ബന്ദർ അൽഹാജിരി പറഞ്ഞു. ഇരകളുടെ അവസ്ഥക്ക് സ്ഥിരത കൈവരിക്കാനും വീണ്ടും അവർ ആക്രമത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്താനും വേണ്ട നടപടികൾ കമീഷൻ തുടരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.