ജിദ്ദ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്കുകൾ ഉപയോഗശേഷം പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഇങ്ങനെ വലിച്ചെറിയുന്ന മാസ്കുകൾ അണുബാധയുടെ ഉറവിടങ്ങളാകുന്നുണ്ട്. അതിനാൽ ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയിൽതന്നെ നശിപ്പിക്കണം.
കോവിഡിെൻറ വ്യാപനം തടയാൻ രാജ്യത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്. എന്നാൽ, ഉപയോഗിച്ചതിനുശേഷം അവ സുരക്ഷിതമായി നീക്കംചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് സൗദി പൊതുജനാരോഗ്യ ഉപമന്ത്രി ഹാനി ജോഖ്ദാർ പറഞ്ഞു. തെരുവുകളിലും ബീച്ചുകളിലും മറ്റും ഇങ്ങനെ വലിച്ചെറിയപ്പെടുന്ന മാസ്കുകൾ നിറഞ്ഞുകാണുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. വൃത്തിയുള്ളതും സുരക്ഷിതവുമായ സമൂഹമായി നിലനിൽക്കാൻ എല്ലാവരും സഹകരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും ജോഖ്ദാർ കൂട്ടിച്ചേർത്തു. ദിവസേന ഒരുതവണയെങ്കിലും ഫേസ് മാസ്കുകൾ മാറ്റണമെന്നും ഒരേ മാസ്ക് പതിവായി ഉപയോഗിക്കരുതെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
ഒരേ മാസ്ക് നിരവധി ദിവസങ്ങൾ ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അവർ സൂചിപ്പിക്കുന്നു.
സൗദിയിൽ പ്രതിദിനം 25 ലക്ഷം മാസ്കുകൾ നിർമിക്കുന്ന ഒമ്പതു ഫാക്ടറികൾ ഉണ്ടെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് ജറാബിൻ മുഹമ്മദ് അൽ-ജർറ പറഞ്ഞു. വൈറസ് വാഹക പദാർഥം എന്നനിലക്ക് ഫേസ് മാസ്കുകൾ ഒരിക്കലും പുനരുപയോഗം ചെയ്യാൻ കഴിയില്ല. ഉപയോഗത്തിനുശേഷം മാസ്കുകൾ പ്രത്യേക ബാഗുകളിൽ നിക്ഷേപിച്ച് ചവറ്റുകുട്ടയിൽ എറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കുകൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നത് ജനങ്ങളെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുമെന്ന് കൺസൽട്ടൻറായ ഡോ. ലാമിയ അൽ ബ്രാഹിം പറഞ്ഞു.
നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴചുമത്തേണ്ടിവരുമെന്നും ഇത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും കോവിഡ് ബാധ തടയാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഡോ. ലാമിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.