റിയാദ്: ഒക്ടോബർ 12ന് ആരംഭിച്ച റിയാദ് സീസൺ 2024 ആഘോഷ പരിപാടികൾ ആസ്വദിക്കാൻ ഒറ്റയാഴ്ച കൊണ്ട് 20 ലക്ഷം ആളുകളെത്തി റെക്കോഡിട്ടപ്പോൾ സമ്മാനം പ്രഖ്യാപിച്ച് സംഘാടകർ. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും സീസൺ ആഘോഷം നടക്കുന്ന എല്ലാ സ്ഥലങ്ങളിലേക്കും സൗജന്യ പ്രവേശനം അനുവദിച്ചതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു.
ഈ സീസൺ അവസാനിക്കുന്നതുവരെയും ഈ ആനുകൂല്യം ലഭിക്കും. ‘തവക്കൽനാ’ എന്ന ആപ് വഴി സൗജന്യ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ ഇൗ പ്രായഗണത്തിൽപെടാത്തവർക്ക് നിശ്ചിത നിരക്കുകളിലുള്ള ടിക്കറ്റ് എടുത്തു മാത്രമെ പ്രവേശിക്കാനാവൂ.
എല്ലാ വർഷവും പൊതുജനങ്ങൾ അതീവ താൽപര്യത്തോടെ കാത്തിരിക്കുന്ന ആഘോഷമായി റിയാദ് സീസൺ മാറി എന്നതിനുള്ള തെളിവാണ് ഒറ്റയാഴ്ച കൊണ്ട് 20 ലക്ഷം സന്ദർശകർ എന്ന റെക്കോഡെന്ന് ആലുശൈഖ് കൂട്ടിച്ചേർത്തു.
ബോളിവാഡ് വേൾഡ്, കിങ്ഡം അരീന, ബോളിവാഡ് സിറ്റി, ദി വെന്യു, സുവൈദി പാർക്ക് എന്നീ അഞ്ച് പ്രധാന വേദികളിലാണ് ഇത്തവണ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ആളുകളുടെ എണ്ണം വർധന മുൻകൂട്ടി കണ്ട് പ്രധാന വേദിയായ ബോളിവാഡ് വേൾഡിൽ 30 ശതമാനം വിപുലീകരിച്ചിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളുടെ പ്രത്യേക മേഖലകൾ ഒരുക്കിയിട്ടുള്ള ബോളിവാഡ് വേൾഡിൽ അഞ്ച് രാജ്യങ്ങളുടെ കൂടി മേഖലകൾ കൂട്ടിച്ചേർത്തിരുന്നു.
സൗദി അറേബ്യ, തുർക്കിയ, ഇറാൻ, ആഫ്രിക്ക, കോർഷെവൽ എന്നീ രാജ്യങ്ങളുടെ ഈ ഏരിയകൾ കൂടി സജ്ജീകരിക്കപ്പെട്ടതോടെ 22 ലോകരാജ്യങ്ങളുടെ മേഖലകൾ ബോളിവാഡ് വേൾഡിൽ ഉൾപ്പെട്ടു. ഓരോ വർഷവും ഇത് വിപുലീകരിച്ച് കൂടുതൽ രാജ്യങ്ങളുടെ മേഖലകൾ ഉൾപ്പെടുത്തും. ലോകത്തെ രുചിവൈവിധ്യങ്ങളുമായി 300 റസ്റ്റാറന്റുകളും കഫേകളും 890 ലധികം ഷോപ്പുകളും ബോളിവാഡ് വേൾഡിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.