റിയാദ്: കാൽനൂറ്റാണ്ടിനിടെ ഒരിക്കൽ പോലും നാട്ടിലേക്ക് പോകാൻ കഴിയാതെ നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈ സ്വദേശിനി ഹാജറാബി ഹബീബ് റഹ്മാൻ (60) കഴിഞ്ഞ ദിവസം നാടണഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ് തുണയായത്. 36ാം വയസ്സിൽ 2000ത്തിലാണ് ജീവിത പ്രാരാബ്ധങ്ങൾ പേറി ഹാജറാബി വീട്ടുജോലിക്കായുള്ള വിസയിൽ റിയാദിൽ വന്നിറങ്ങുന്നത്. ആദ്യത്തെ അഞ്ച് വർഷം എയർപോർട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തെങ്കിലും ദുരിതങ്ങൾ സഹിക്കാൻ കഴിയാത്തതുകൊണ്ട് അവിടെ നിന്നിറങ്ങി. തുടർന്ന് പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികൾ ചെയ്തുവരികയായിരുന്നു കഴിഞ്ഞ 24 വർഷവും.
കൈവശം ഒരു താമസരേഖയുമുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ തടസ്സമായതും ഇതാണ്. 2000ൽ ഇവിടെയെത്തിയിരുന്നെങ്കിലും ജവാസത് (പാസ്പോർട്ട്) രേഖകളിൽ ഹാജറാബിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്താനായത്. നിലവിലെ പാസ്പോർട്ടിൽ റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയതിന്റെ രേഖയും ബോർഡർ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖകളും ജവാസത്തിന്റെ പക്കൽ ഇല്ലാത്തതാണ് വിലങ്ങുതടിയായത്. വിസ സംബന്ധമായ തട്ടിപ്പിനിരയായതാവാം ഇത്തരത്തിൽ സംഭവിക്കാനിടയായതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
നാല് മക്കളുള്ള ഹാജറാബിയുടെ ഇളയ മകൾക്ക് 10 വയസ്സുള്ളപ്പോഴാണ് ഇവർ നാടുവിട്ട് റിയാദിലെത്തിയത്. അതിനിടയിൽ 2015ൽ ഭർത്താവ് മരിച്ചു. അപ്പോഴൊന്നും നാട്ടിലെത്താൻ കഴിയാത്ത മാനസിക പ്രയാസത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഇതിനിടയിൽ 10 മാസം മുമ്പ് തളർവാദം വന്ന് കിടപ്പിലായി. സഹായിക്കാനാളില്ലാതായപ്പോൾ നാട്ടിൽനിന്ന് തന്റെ മകനെ റിയാദിലെത്തിച്ച് ജോലി കണ്ടെത്തി തൽക്കാലത്തേക്ക് പരിഹാരമുണ്ടാക്കിയെങ്കിലും രേഖകളില്ലാതെ തുടർ ചികിത്സയും മറ്റും വഴിമുട്ടുമെന്നായപ്പോഴാണ് നാലു മാസം മുമ്പ് റിയാദിലെ സാമൂഹിക പ്രവർത്തകരായ നിഹ്മത്തുള്ളയുടെയും അസ്ലം പാലത്തിന്റെയും സഹായം തേടിയത്. തുടർന്ന് ഇന്ത്യൻ എംബസി വഴി സൗദി വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് രേഖകളെല്ലാം ശരിയാക്കുകയും തർഹീൽ വഴി നാട്ടിലേക്ക് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുമായിരുന്നു. എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ മോയിൻ അക്തർ, ഹൗസ് മെയ്ഡ് ആൻഡ് ജയിൽ അറ്റാഷെ രാജീവ് സിക്രി, സെക്കൻഡ് സെക്രട്ടറി മീന, ഷറഫുദ്ദീൻ, നസീം, ഖാലിദ് എന്നിവരുടെ ഇടപെടലുകൾ പ്രശ്ന പരിഹാരം വേഗത്തിലാക്കുവാൻ സഹായിച്ചതായി നിഹ്മത്തുള്ളയും അസ്ലം പാലത്തും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.