ജിദ്ദ: സൗദിയിൽ കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലധികമായി അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കർശനമായ മുൻകരുതലുകൾക്കിടയിൽ പുതിയ അധ്യയന വർഷാരംഭമായ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഇൻറർ മീഡിയറ്റ്, സെക്കൻററി, സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓൺലൈൻ പഠനം നിർത്തലാക്കി സാധാരണ പഠന സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്. വിവിധ മേഖലകളിലെ 25,000 ത്തിലധികം വരുന്ന സർക്കാർ സ്ക്കൂളുകളിലായി 60 ലക്ഷത്തിലധികം വിദ്യാർഥികളാണ് പുതിയ അധ്യായന വർഷത്തിലുള്ളത്. ഇതിൽ 31 ലക്ഷം വിദ്യാർഥികൾ ഇൻറർ മീഡിയറ്റ്, സെക്കൻററി തലങ്ങളിലാണുള്ളത്. എന്നാൽ പ്രൈമറി, നഴ്സറി ക്ലാസുകൾ ഒക്ടോബർ 30 വരെ വിദൂര സംവിധാനത്തിലാണ് തുടരുക.
പന്ത്രണ്ട് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ്എടുത്ത വിദ്യാർഥികൾക്കുമാണ് സ്ക്കൂളുകളിൽ പ്രവേശനം അനുവദിച്ചത്. മാസ്ക് ധരിച്ച് രാവിലെ സ്ക്കൂളുകളിലെത്തിയ വിദ്യാർഥികളെ സ്ക്കൂൾ മേധാവിയും അധ്യാപകരും ചേർന്നു സ്വീകരിച്ചു. ഒന്നര വർഷത്തിനു ശേഷം സഹപാഠികളെയും അധ്യാപകരെയും നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനാരോഗ്യ അതോറിറ്റി (വിഖായ) അംഗീകരിച്ച എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പ്രയോഗിച്ചാണ് വിദ്യാർഥികളെ സ്വീകരിച്ചത്. സ്ക്കൂൾ കവാടങ്ങളിൽ വിദ്യാർഥികളുടെ താപനില പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തവക്കൽന ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പുവരുത്തിയാണ് സ്കൂളുകളിനകത്തേക്ക് വിദ്യാർഥികളെ കടത്തിവിട്ടത്. സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകൾ നടന്നത്.
അതതു മേഖലകളിലെയും ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും ഡയരക്ടർമാരും പുതിയ അധ്യായന വർഷത്തിലെ ആദ്യദിവസം സ്ക്കൂളുകൾ സന്ദശിച്ചു. നിശ്ചിത ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുണ്ടോയെന്ന് അവർ ഉറപ്പുവരുത്തി. ചില മേഖലകളിൽ ഗവർണർമാരും സ്ക്കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. വിദ്യാർഥികളും അധ്യാപകരുമായും അവർ കൂടിക്കാഴ്ച നടത്തുകയും ആശംസകൾ നേരുകയും ചെയ്തു.
രാജ്യത്തെ പല സ്വകാര്യ സ്ക്കൂളുകളും ഇന്ന് തുറന്നിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കാത്തവർക്ക് ആദ്യത്തെ രണ്ടാഴ്ച ആബ്സൻറ് രേഖപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്. ഇനിയും രണ്ട് ഡോസ് വാക്സിനെടുക്കാത്തവർ എത്രയുംവേഗം അതെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.