Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒന്നര വർഷത്തെ...

ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു

text_fields
bookmark_border
ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു
cancel

ജിദ്ദ: സൗദിയിൽ കോവിഡിനെ തുടർ​ന്ന്​ ഒന്നര വർഷത്തിലധികമായി അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്​ കർശനമായ മുൻകരുതലുകൾക്കിടയിൽ പുതിയ അധ്യയന വർഷാരംഭമായ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിച്ചത്​​​.

ആദ്യഘട്ടത്തിൽ ഇൻറർ മീഡിയറ്റ്​, സെക്കൻററി, സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്​ ഓൺലൈൻ പഠനം നിർത്തലാക്കി സാധാരണ പഠന സംവിധാനത്തിലേക്ക്​ മാറിയിരിക്കുന്നത്​. വിവിധ മേഖലകളിലെ 25,000 ത്തിലധികം വരുന്ന സർക്കാർ സ്​ക്കൂളുകളിലായി 60 ലക്ഷത്തിലധികം വിദ്യാർഥികളാണ്​ പുതിയ അധ്യായന വർഷത്തിലുള്ളത്​. ഇതിൽ 31 ലക്ഷം വിദ്യാർഥികൾ​ ഇൻറർ മീഡിയറ്റ്​, സെക്കൻററി തലങ്ങളിലാണുള്ളത്​. എന്നാൽ​ പ്രൈമറി, നഴ്സറി ക്ലാസുകൾ ഒക്​ടോബർ 30 വരെ വിദൂര സംവിധാനത്തിലാണ്​ തുടരുക.

പന്ത്രണ്ട്​ വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും രണ്ട് ഡോസ്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​എടുത്ത വിദ്യാർഥികൾക്കുമാണ്​ സ്​ക്കൂളുകളിൽ ​പ്രവേശനം അനുവദിച്ചത്​. മാസ്​ക്​ ധരിച്ച്​ രാവിലെ സ്ക്കൂളുകളിലെത്തിയ വിദ്യാർഥികളെ സ്​ക്കൂൾ മേധാവിയും അധ്യാപകരും ചേർന്നു സ്വീകരിച്ചു. ഒന്നര വർഷത്തിനു ശേഷം സഹപാഠികളെയും അധ്യാപകരെയും നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.

അൽജൗഫ്​ ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ്​ സകാകയിലെ സുറാഖത്​ ബിൻ മാലിക്​ സ്​ക്കൂളിലെത്തിയപ്പോൾ

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനാരോഗ്യ അതോറിറ്റി (വിഖായ) അംഗീകരിച്ച എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പ്രയോഗിച്ചാണ്​ വിദ്യാർഥികളെ സ്വീകരിച്ചത്​. സ്​ക്കൂൾ കവാടങ്ങളിൽ വിദ്യാർഥികളുടെ താപനില പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തവക്കൽന ആപ്പിലെ ആരോഗ്യ സ്​റ്റാറ്റസ് ഉറപ്പുവരുത്തിയാണ്​​ സ്കൂളുകളിനകത്തേക്ക് വിദ്യാർഥികളെ​ കടത്തിവിട്ടത്​. സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകൾ നടന്നത്​.

അതതു മേഖലകളിലെയും ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്​ഥരും ഡയരക്​ടർമാരും പുതിയ അധ്യായന വർഷത്തിലെ ആദ്യദിവസം സ്​ക്കൂളുകൾ സന്ദശിച്ചു. നിശ്ചിത ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുണ്ടോയെന്ന് അവർ​ ഉറപ്പുവരുത്തി. ചില മേഖലകളിൽ ഗവർണർമാരും സ്​ക്കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. വിദ്യാർഥികളും അധ്യാപകരുമായും അവർ കൂടിക്കാഴ്​ച നടത്തുകയും ആശംസകൾ നേരുകയും ചെയ്​തു.

രാജ്യത്തെ പല സ്വകാര്യ സ്​ക്കൂളുകളും ഇന്ന് തുറന്നിട്ടുണ്ട്​. രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിനെടുക്കാത്തവർക്ക്​ ആദ്യത്തെ രണ്ടാഴ്​ച ആബ്സൻറ് രേഖപ്പെടുത്തുന്നതിൽ നിന്ന്​ ഇളവ്​ നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ്​ അറിയിച്ചിട്ടുണ്ട്​. ഇനിയും രണ്ട്​ ഡോസ് വാക്സിനെടുക്കാത്തവർ എത്രയുംവേഗം അതെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School ReopenSaudi Arabia
News Summary - After a long wait educational institutions have opened in Saudi Arabia
Next Story