റിയാദ്: ഡ്രൈവറായി ജോലിക്കെത്തി കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് കായ്ക്കര സ്വദേശി പ്രേംകുമാറിന് സാമൂഹികപ്രവർത്തകർ തുണയായി. 2004ലാണ് പ്രേം കുമാർ ഒരു സ്വകാര്യ കമ്പനിയിലെ വിസയിൽ ഡ്രൈവറായി റിയാദിലെത്തുന്നത്. മാന്യമായ ശമ്പളവും ജോലിയുമായി 13 വർഷം തുടർന്നു. ഏഴു വർഷം മുമ്പാണ് നാട്ടിൽ പോയത്. തിരിച്ചുവരവിൽ ചുവടുകൾ പിഴച്ചു തുടങ്ങി. കമ്പനി നഷ്ടത്തിലായി ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി.
ഡ്രൈവറായതിനാൽ പിരിച്ചുവിടലിൽനിന്നും താൽക്കാലികമായി പ്രേംകുമാറിനെ ഒഴിവാക്കി. കോവിഡ്കാലത്ത് കമ്പനി അടച്ചുപൂട്ടി. ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലുമായി. ആറു മാസത്തോളം ജോലിയില്ലാതെയായ പ്രേംകുമാറിെൻറ ഇഖാമ കാലാവധിയും അവസാനിച്ചു. പിന്നീട് നിയമപാലകരുടെ കണ്ണിൽപെടാതെ സാധ്യമായ ജോലികൾ ചെയ്യാൻ തുടങ്ങി.
നാലു വർഷം ഇത്തരം ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടുപോയി. ഇതിനിടെ അസുഖബാധിതനാവുകയും കൈയിലെ പണവും തീർന്നു. നിസ്സഹായനായ പ്രേംകുമാർ നാട്ടിൽപോകാൻ റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സഹായംതേടി. കേളി സനാഇയ്യ അർബഹീൻ ഏരിയകമ്മിറ്റി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി സഹായത്തോടെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും മറ്റു നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ പോകുന്നതിനുള്ള എക്സിറ്റ് അടിച്ചുവാങ്ങുകയും ചെയ്തു.
പ്രേംകുമാറിന് നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റ് കേളി നൽകി. കേളി ഓഫിസിൽ നടന്ന ചടങ്ങിൽ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ മൊയ്തീൻകുട്ടി ടിക്കറ്റും യാത്രാരേഖകളും കൈമാറി. ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റിയംഗം വിജയകുമാർ, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, ഏരിയ ട്രഷറർ സഹറുല്ല, ബ്രിഡ്ജ് യൂനിറ്റ് സെക്രട്ടറി അബ്ദു നാസർ, യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.