ജിദ്ദ: സൈനിക അട്ടിമറി നടന്ന നൈജീരിയയിൽ ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി) ആവശ്യപ്പെട്ടു. ബന്ധിയാക്കപ്പെട്ട പ്രസിഡൻറ് മുഹമ്മദ് ബസൂമിയെ എത്രയും വേഗം വിട്ടയക്കണമെന്നും സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യമുന്നയിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറാണ് അദ്ദേഹം. ബസൂമിയുടെ ആരോഗ്യസുരക്ഷ കാത്തുസൂക്ഷിക്കണം. നൈജീരിയയിലെ ഭരണഘടനാക്രമം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും വളരെ ഉത്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നത്.
ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി അപലപിക്കുന്നു. നൈജീരിയയിലും മുഴുവൻ സാഹിൽ മേഖലയിലും സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നത് ഒ.ഐ.സി പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതിനായി പ്രാദേശികമായി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകും. നൈജീരിയയിലെ ജനങ്ങളോടുള്ള തന്റെ പൂർണ ഐക്യദാർഢ്യവും സെക്രട്ടറി ജനറൽ അറിയിച്ചു.
നൈജീരിയയിൽ പ്രസിഡൻറ് മുഹമ്മദ് ബസൂമിക്കെതിരായ സൈനിക അട്ടിമറി പൂർണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹത്തെ വേഗം വിട്ടയക്കണമെന്നും ഭരണഘടനപരമായ അധികാരങ്ങൾ വീണ്ടെടുക്കാൻ അനുവദിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.