മദീന: സൽമാൻ രാജാവിന്റെ അതിഥികളായി ഉംറ നിർവഹിക്കാൻ വിദേശരാജ്യങ്ങളിൽനിന്ന് തീർഥാടകർ എത്തിത്തുടങ്ങി. സൗദി മതകാര്യ മന്ത്രാലയത്തിന്റെ ‘ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ പ്രോഗ്രാമി’ന് കീഴിലെ ആദ്യ സംഘമായി മലേഷ്യൻ തീർഥാടകരാണ് മദീനയിലെത്തിയത്.
അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലേഷ്യൻ തീർഥാടക സംഘത്തെ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ആദ്യ സംഘത്തിൽ സ്ത്രീ പുരുഷന്മാരായി 25 തീർഥാടകരാണുള്ളത്.
66 രാജ്യങ്ങളിൽനിന്ന് ആയിരം തീർഥാടകരാണ് ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി ഉംറക്കെത്തുന്നത്. നാല് ബാച്ചുകളായാണ് ഇവരെയെത്തിക്കുക. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിൽനിന്നുള്ള 250 പ്രമുഖ ഇസ്ലാമിക വ്യക്തികൾ ആദ്യ ബാച്ചിൽ ഉൾപ്പെടും.
മദീനയിലെത്തിയ തീർഥാടകർ ഉദാരമായ ആതിഥ്യത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ പ്രോഗ്രാം ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്ന സൗദിയുടെ വിലയേറിയ അനുഗ്രഹമാണെന്നും തീർഥാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.