ജിദ്ദ: സ്ത്രീകളുടെ പങ്കാളിത്തത്തോടെ സൗദിയിൽ ആദ്യമായി നടന്ന വനിത സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അഹ്ലം നാസർ അൽസൈദ് കിരീടം ചൂടി. സൗദി സൈക്ലിങ് ഫെഡറേഷെൻറ മേൽനോട്ടത്തിൽ അബഹയിൽ നടന്ന 13 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള 10 വനിത മത്സരാർഥികൾ പങ്കെടുത്തു. രാജ്യത്ത് അതിവേഗം വളരുന്ന കായിക ഇനങ്ങളിലൊന്നാണ് സൈക്ലിങ്.
കായികരംഗത്ത് പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാവുന്നുണ്ട്. മത്സരത്തിൽ 22:18 മിനിറ്റിനുള്ളിൽ അൽസൈദ് ലക്ഷ്യം കണ്ടു. 'സൈക്ലിങ് ആരംഭിച്ചതു മുതൽ സൗദി ചാമ്പ്യൻ കിരീടം നേടുക എന്നത് തെൻറ സ്വപ്നമായിരുന്നു, അത് യാഥാർഥ്യമായി. രാജ്യത്തിെൻറ കായിക ചരിത്രത്തിൽ ആദ്യമായി നടന്ന സൈക്ലിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നതായും അഹ്ലം നാസർ അൽസൈദ് പറഞ്ഞു.
നേരത്തേ റിയാദിലെ പ്രിൻസസ് നൂറ യൂനിവേഴ്സിറ്റിയിൽ നടന്ന ഓപൺ മത്സരത്തിൽ സൗദി വനിതകളിൽ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും അൽസൈദ് നേടിയിരുന്നു. അൽഖോബാറിൽ നടന്ന ഓപൺ മത്സരത്തിലും സൗദി വനിതകളിൽ രണ്ടാം സ്ഥാനവും ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും ഈ വനിത നേടിയിരുന്നു. വെർച്വൽ സൈക്ലിങ് ചാമ്പ്യൻഷിപ്പിലും ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന അയൺ മാൻ മത്സരത്തിൽ പങ്കെടുക്കുകയും 90 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു. അബഹയിൽ നടന്ന മത്സരത്തിൽ അൽഅനൂദ് ഖാമിസ് അൽമാജിദ് രണ്ടാം സ്ഥാനം നേടി. 25:39 മിനിറ്റിനുള്ളിലാണ് അവർ ദൂരം മറികടന്നത്.
26:57 മിനിറ്റിനുള്ളിൽ ദൂരം പൂർത്തിയാക്കിയ അലാ സാലിം അൽസഹ്റാനി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 27:04 മിനിറ്റ് സമയംകൊണ്ട് ദൂരം പൂർത്തിയാക്കിയ നൂറ അൽശൈഖ് നാലാം സ്ഥാനത്തെത്തി. 18നും 65നും ഇടയിൽ പ്രായമുള്ള നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.