റിയാദ്: സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമൻ വിമതരായ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ ലക്ഷ്യത്തിലെത്തും മുമ്പ് റോയൽ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇറാൻ പിന്തുണയുള്ള ഹൂതികൾ റിയാദ് ലക്ഷ്യമാക്കി മിസൈലാക്രമണം നടത്താൻ തുനിഞ്ഞതെന്നും എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പായി സൗദി വ്യോമ സേന പാട്രിയറ്റ് മിസൈലുകള്‍ തൊടുത്ത് ആകാശത്ത് വെച്ച് തകര്‍ത്തെന്നും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തകർന്ന മിസൈലിെൻറ അവശിഷ്ടങ്ങൾ നഗരപ്രാന്തങ്ങളിലെ ജനവാസ മേഖലയിലുൾപ്പടെ വീണെങ്കിലും ജീവനോ സ്വത്തിനോ ഒരു നാശവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാകൃതവും നിരുത്തരവാദപരവുമായ സമീപനമാണ് ഹൂതികളുടേതെന്നും അതിെൻറ തെളിവാണ് സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും നശിപ്പിക്കൽ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദൈവിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണിത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിെൻറ പരമ്പരാഗത നിയമങ്ങൾക്കും അനുസൃതമായി പ്രതിരോധ മന്ത്രാലയം രാജ്യരക്ഷക്കും ജനങ്ങളുടെ സുരക്ഷക്കും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുമെന്നും ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തുർക്കി അൽമാലികി ഊന്നിപ്പറഞ്ഞു.
സൗദി തലസ്ഥാന നഗരമായ റിയാദിനും അതിർത്തി പട്ടണമായ ജീസാനും നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണ ശ്രമത്തെ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സി ജനറൽ സെക്രട്ടറിേയറ്റ് ശക്തമായി അപലപിച്ചു. സൗദിയിലെ ജനങ്ങൾക്കും സ്വത്തിനും നേരെ സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ നിരന്തരം നടത്തുന്ന അക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ അഭിപ്രായപ്പെട്ടു.
സ്വന്തം ഭൂഭാഗത്തിെൻറ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷക്കും രാജ്യത്തിെൻറ സ്ഥിരതക്കും വേണ്ടി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽപറത്തി ജനങ്ങൾക്കും സ്വത്തിനും ഭീക്ഷണിയുയർത്തി സൗദി അറേബ്യക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്ന ഹൂതി ഭീകരതയെ ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ ജി.സി.സിയുടെ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് ശക്തമായി അപലപിച്ചു. റിയാദിന് നേരെ തൊടുത്ത, വലിയ നാശം വിതയ്ക്കുമായിരുന്ന ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് തന്നെ തടഞ്ഞ് നശിപ്പിച്ച സൗദി വ്യോമസേനയുടെ നടപടിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബഹ്റൈൻ, കുവൈത്ത്, ജോർദൻ എന്നീ അയൽ രാജ്യങ്ങളും ഹൂതി ആക്രമണത്തെ അപലപിക്കുകയും സൗദി അറേബ്യക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.