റിയാദ്: ഞായറാഴ്ച രാത്രി 11.55 ന് റിയാദിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. 90-ഓളം യാത്രക്കാർ റിയാദിൽ കുടുങ്ങി. അടുത്ത വിമാനവും കാത്ത് റിയാദിലെ ഹോട്ടലിൽ കഴിയുകയാണ് അവർ. എമിഗ്രേഷൻ നടപടികൾ ഉൾെപ്പടെ പൂർത്തിയാക്കി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ടു മണിക്കൂറിനു ശേഷമാണ് യന്ത്രത്തകരാറെന്ന കാരണം പറഞ്ഞ് യാത്ര റദ്ദാക്കിയത്.
വിമാനത്തിൽ കയറ്റിയിരുത്തി 15 മിനിറ്റിനുശേഷം സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറപ്പെടാൻ അൽപം വൈകും എന്ന അറിയിപ്പ് ആദ്യം വന്നു. സമയം ഇഴഞ്ഞുനീങ്ങുന്നതിനിടെ അൽപം കൂടി വൈകും എന്നു പറഞ്ഞ് വീണ്ടും അറിയിപ്പുണ്ടായി. ഒന്നര മണിക്കൂറായപ്പോൾ യന്ത്രത്തകരാറ് കാരണം സർവിസ് റദ്ദാക്കുന്നു എന്ന അന്തിമ അറിയിപ്പെത്തി.
തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവരെ ആദ്യം വിമാനത്തിൽനിന്ന് ഇറക്കി. ശേഷം റീഎൻട്രി വിസക്കാരെയും. അപ്പോഴേക്കും രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു. പിന്നെയും രണ്ടു മണിക്കൂറോളമെടുത്ത് റീഎൻട്രിക്കാരെ കൗണ്ടറുകളിൽ എത്തിച്ച് നേരത്തേ പൂർത്തിയാക്കിയിരുന്ന എമിഗ്രേഷൻ നടപടികളെല്ലാം റദ്ദ് ചെയ്ത് എല്ലാവർക്കും പുതിയ റീ എൻട്രി വിസ ഇഷ്യൂ ചെയ്തു. ചെക്കിൻ ചെയ്ത ബാഗേജുകളെല്ലാം തിരിച്ചെടുത്ത് യാത്രക്കാരെ തിരികെയേൽപിച്ചു.
പുലർച്ച നാലോടെ റീഎൻട്രി വിസക്കാരെ മിനി ബസുകളിലായി വിമാനത്താവളത്തിൽനിന്ന് ഏതാനും കിലോമീറ്ററകലെ ഗൊർണാഥയിലുള്ള മെർത്തീൽ എന്ന ഹോട്ടലിലെത്തിച്ചു. ഇക്കൂട്ടത്തിൽ തങ്ങൾ 60ഓളം പേരാണുള്ളതെന്നും അതിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി കുടുംബങ്ങളുണ്ടെന്നും യാത്രക്കാരനായ കാസർകോട് സ്വദേശി നജ്മുദ്ദീൻ എം. ഇബ്രാഹിം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
രാത്രിയിൽ ഭക്ഷണമൊന്നും കിട്ടിയില്ലെങ്കിലും തിങ്കളാഴ്ച രാവിലെ ലഘുഭക്ഷണം കിട്ടിയെന്നും ഹോട്ടലിൽ ആവശ്യത്തിന് സൗകര്യമുണ്ടെന്നും എയർ ഇന്ത്യ ജീവനക്കാർ വളരെ നല്ല രീതിയിലാണ് തങ്ങളോട് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാലും യാത്ര മുടങ്ങിയത് വിഷമകരമാണ്. ചൊവ്വാഴ്ച പുലർച്ചയോടെ അടുത്ത വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് പറഞ്ഞിരിക്കുന്നത്.
താൻ ഒരുമാസത്തെ അവധിക്കാണ് പോകുന്നത്. അതിൽ രണ്ടു ദിവസം എയർപോർട്ടിലും ഹോട്ടലിലുമായി തീർന്നു. എന്നാൽ, അതിലും കഷ്ടമാണ് ഒരാഴ്ചത്തെ ലീവിന് പോകുന്നവരുടെ അവസ്ഥ. അങ്ങനെയുള്ള ചിലർ ഒപ്പമുണ്ട്. മകൾ നാട്ടിലെ ആശുപത്രി ഐ.സി.യുവിൽ കിടക്കുന്നത് അറിഞ്ഞിട്ടുപോകുന്ന ഒരാളും ഉറ്റ ബന്ധുവിന്റെ മരണമറിഞ്ഞ് പോകുന്ന മറ്റൊരാളും യാത്രക്കാരിലുണ്ട്.
അവരുടെ സ്ഥിതി വളരെ സങ്കടകരമാണെന്നും എയർ ഇന്ത്യയുടെ ലോഗോയെ മാറിയുള്ളൂ സർവിസ് ഓപറേഷനിൽ വലിയ മാറ്റമൊന്നുമുണ്ടായില്ലെന്നും വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ ഇന്ത്യക്ക് മാനക്കേടുണ്ടാകുകയാണെന്നും നജ്മുദ്ദീൻ പറഞ്ഞു. അതേസമയം, ഫൈനൽ എക്സിറ്റ് വിസക്കാരായ 23 പേരുടെ സ്ഥിതി വളരെ മോശമായിരുന്നെന്ന് യാത്രക്കാരനായ സാമൂഹികപ്രവർത്തകൻ ബഷീർ ചേളാരി പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ഏഴിന് മുന്നേ എയർപോർട്ടിൽ എത്തിയവരാണ്. എക്സിറ്റ് വിസക്കാരായതിനാൽ 23 പേരുടെ കാര്യത്തിൽ എമിഗ്രേഷൻ റദ്ദ് ചെയ്യൽ പോലുള്ള നടപടികൾ കഴിയില്ലായിരുന്നു. രാത്രി മുഴുവൻ എയർപോർട്ടിൽ തന്നെ കഴിയേണ്ടി വന്നു. കൂട്ടത്തിൽ ഒന്നുരണ്ട് സ്ത്രീകളുമുണ്ട്. അവരും വളരെ കഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് 23 പേരെയും ഹോട്ടലിലേക്ക് മാറ്റാൻ കഴിഞ്ഞത്. ഉറക്കവും ഭക്ഷണവും ഇല്ലാതിരുന്നതും അലച്ചിലും കാരണം എല്ലാവരും ഏറെ പ്രയാസപ്പെട്ടെന്നും പ്രവാസികളോട് എയർ ഇന്ത്യ തുടരുന്ന ഈ ചിറ്റമ്മനയം ഉപേക്ഷിക്കണമെന്നും അതിന് സർക്കാറുകൾ ഇടപെടണമെന്നും ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കൂടിയായ ബഷീർ ചേളാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.